തിരുവനന്തപുരം: നൂറ്റാണ്ടുകളായി മുസ് ലിംകള്‍ ആരാധന നിര്‍വഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ആരാധനാലയങ്ങളും ആത്മീയ കേന്ദ്രങ്ങളും പൊളിക്കാനും പൂജ നടത്താനും കോടതികള്‍ ഉത്തരവിടുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്ന് അല്‍ ഹസനി അസോസിയേഷന്‍ പ്രസ്താവിച്ചു. പുരാതനമായ വാരാണസിയിലെ ഗ്യാന്‍ വാപി മസ്ജിദിന്റെ നിലവറയില്‍ ഹൈന്ദവ പൂജ ചെയ്യാന്‍ കോടതി അനുമതി നല്‍കിയത് മറ്റൊരു ബാബരി ആവര്‍ത്തിക്കാന്‍ വീണ്ടും നീതിന്യായ സംവിധാനങ്ങള്‍ തന്നെ വഴിയൊരുക്കുന്നതിന്റെ സൂചനയാണ്. 1991ലെ ആരാധനാലയ നിയമത്തിന്റെ നഗ്‌നമായ ലംഘനവും ബാബരി വിഷയത്തില്‍ മുസ്‌ലിം മനസ്സിനേറ്റ മുറിവില്‍ എരിവ് പകരുന്ന വിധിയുമാണ് വാരണാസി ജില്ലാ കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ക്കൊത്ത് കോടതികള്‍ വിധിപ്രസ്താവിക്കുന്നത് സമൂഹത്തില്‍ അരക്ഷിതാവസ്ഥയും ജുഡീഷ്യറിയിലുള്ള അവിശ്വാസവും ഉളവാക്കുന്നതാണ്. ആയതിനാല്‍ തെളിവുകളുടെയും നീതിയുടെയും അടിസ്ഥാനത്തില്‍ വിഷയങ്ങളില്‍ തീര്‍പ്പ് കല്‍പ്പിച്ച് കോടതികള്‍ വിശ്വാസം വീണ്ടെടുക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.