ജയിലുകളിലും വൈറസ് പടരുന്നു; ഡല്‍ഹിയില്‍ 66 തടവുകാര്‍ക്കും 48 ജീവനക്കാര്‍ക്കും കൊവിഡ്

തിഹാര്‍ ജയിലില്‍ 42 തടവുകാര്‍ക്കും 24 ജയില്‍ ജീവനക്കാര്‍ക്കുമാണ് കൊവിഡ് ബാധിച്ചത്. മണ്ടോളി ജയിലില്‍ 24 തടവുപുള്ളികള്‍ക്കും എട്ട് ജീവനക്കാര്‍ക്കും കൊവിഡ് ബാധിച്ചു. രോഹിണി ജയിലില്‍ ആറ് ജീവനക്കാരിലും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

Update: 2022-01-11 07:00 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കവെ ജയിലുകളിലേക്കും വൈറസ് പടരുന്നതായ റിപോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഡല്‍ഹിയിലെ വിവിധ ജയിലുകളിലായി 66 തടവുകാര്‍ക്കും 48 ജയില്‍ ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തിഹാര്‍ ജയിലില്‍ 42 തടവുകാര്‍ക്കും 24 ജയില്‍ ജീവനക്കാര്‍ക്കുമാണ് കൊവിഡ് ബാധിച്ചത്. മണ്ടോളി ജയിലില്‍ 24 തടവുപുള്ളികള്‍ക്കും എട്ട് ജീവനക്കാര്‍ക്കും കൊവിഡ് ബാധിച്ചു. രോഹിണി ജയിലില്‍ ആറ് ജീവനക്കാരിലും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ആരുടെയും രോഗം ഗുരുതരമല്ല. കൊവിഡുമായി ബന്ധപ്പെട്ട എല്ലാ മുന്‍കരുതലുകളും ഞങ്ങള്‍ സ്വീകരിക്കുന്നു- ഡയറക്ടര്‍ ജനറല്‍ (ഡല്‍ഹി പ്രിസണ്‍സ്) സന്ദീപ് ഗോയല്‍ പറഞ്ഞു.

ഡല്‍ഹിയിലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനുശേഷം അതിവേഗത്തിലാണ് കൊവിഡ് പിടിപെടുന്നത്. എല്ലാ മേഖലയിലേക്കും രോഗം ബാധിക്കുന്ന സാഹചര്യത്തില്‍ സമൂഹവ്യാപനമുണ്ടായതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം നാല് സുപ്രിംകോടതി ജഡ്ജിമാര്‍ക്കും 400 ലധികം പാര്‍ലമെന്റ് ജീവനക്കാര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. കൂടാതെ രാജ്യതലസ്ഥാനത്തെ വിവിധ പോലിസ് സ്റ്റേഷനുകളിലായി 300 ലധികം പോലിസ് ഉദ്യോഗസ്ഥര്‍ക്കും വൈറസ് ബാധ കണ്ടെത്തിയിരുന്നു.

ഈയാഴ്ച ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്താന്‍ സാധ്യതയുണ്ടെന്നും അതിന് ശേഷം മൂന്നാം തരംഗത്തിലെ അണുബാധ കുറയാന്‍ തുടങ്ങുമെന്നും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ എന്‍ഡിടിവിയോട് പറഞ്ഞു. ദേശീയ തലസ്ഥാനത്ത് ഇന്നലെ 19,000 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തു.ഇത് ഞായറാഴ്ചത്തെ 22,751 നേക്കാള്‍ വളരെ കുറവാണ്. ഡല്‍ഹി സര്‍ക്കാര്‍ വാരാന്ത്യ കര്‍ഫ്യൂ വീണ്ടും പരിഗണിക്കുമോ എന്ന ചോദ്യത്തിന്, പീക്ക് സമയം ഇതിനകം എത്തിക്കഴിഞ്ഞു. അല്ലെങ്കില്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ വരും. ഈ ആഴ്ച തീര്‍ച്ചയായും അത് സംഭവിക്കും. കേസുകള്‍ കുറയാന്‍ തുടങ്ങണം. എങ്കില്‍ മാത്രമേ കര്‍ഫ്യൂവിന്റെ കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ കഴിയൂ- ആരോഗ്യമന്ത്രി പറഞ്ഞു.

Tags:    

Similar News