യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പ്: 135 പോളിങ് ഉദ്യോഗസ്ഥര്‍ കൊവിഡ് ബാധിച്ച് മരിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് ഹൈക്കോടതി

തിരഞ്ഞെടുപ്പ് സമയത്ത് കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടാന്‍ ഉണ്ടായ കാരണം വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചത്.

Update: 2021-04-28 09:58 GMT

ലക്‌നോ: ഉത്തര്‍ പ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ കൊവിഡ് 19 ബാധിച്ച് 135 പോളിങ് ഉദ്യോഗസ്ഥര്‍ മരിച്ചെന്ന റിപോര്‍ട്ടുമായി ബന്ധപ്പെട്ട് അലഹാബാദ് ഹൈക്കോടതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടിസ് അയച്ചു.തിരഞ്ഞെടുപ്പ് സമയത്ത് കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടാന്‍ ഉണ്ടായ കാരണം വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചത്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. അധ്യാപകര്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 135 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന ഹിന്ദി ദിനപത്രമായ അമര്‍ ഉജാലയുടെ റിപോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ വര്‍മ്മയും അജിത് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം ആരാഞ്ഞ് നോട്ടീസ് അയച്ചത്.

തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ പരാജയപ്പെട്ടാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Similar News