ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും കൊവിഡ് അതിവേഗം പടരുന്നു
ഏറ്റവുംപുതിയ കണക്കുകള്‍ പ്രകാരം വൈറസ് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളുടെ മുന്‍നിരയില്‍തന്നെയാണ് ഇന്ത്യയുടെ സ്ഥാനം.
ന്യൂഡല്‍ഹി: ലോകരാജ്യങ്ങളെ ശ്വാസംമുട്ടിച്ച് മുന്നേറുന്ന മഹാമാരിയായ കൊവിഡ് 19 ഇന്ത്യയിലും അതിവേഗം പടരുകയാണ്. ഏറ്റവുംപുതിയ കണക്കുകള്‍ പ്രകാരം വൈറസ് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളുടെ മുന്‍നിരയില്‍തന്നെയാണ് ഇന്ത്യയുടെ സ്ഥാനം.
ഏറ്റവും കുടുതല്‍ പേര്‍ രോഗബാധിതരായ അമേരിക്കയ്ക്കും ബ്രസീലിനും തൊട്ടുപിറകില്‍ മൂന്നാംസ്ഥാനത്താണ് ഇന്ത്യ. കാര്യങ്ങള്‍ മെച്ചപ്പെടുന്നുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നാണ് കഴിഞ്ഞ ഒരുമാസത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ദൈനംദിന കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലേക്ക് ഇന്ത്യ ക്രമേണ നടന്നടുക്കുകയാണ്.
കഴിഞ്ഞ ആഴ്ച മുതല്‍, പ്രതിദിനം 40,000 പുതിയ കേസുകളാണ് രാജ്യത്ത് തുടര്‍ച്ചയായി റിപോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ മാത്രം 50000 പുതിയ കേസുകളാണ് രാജ്യത്ത് റിപോര്‍ട്ട് ചെയ്തത്. അമേരിക്കയുടേതിനേക്കാള്‍ 5000 കേസുകള്‍ മാത്രം കുറവാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം, കൊവിഡ് കേസുകളില്‍ മുന്‍നിരയിലുള്ള ബ്രസീലില്‍ ഇന്ത്യയേക്കാള്‍ പകുതി കേസുകളാണ് ഇന്നലെ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.
വൈറസ് ഏറ്റവും മോശമായി ബാധിച്ച 10 രാജ്യങ്ങളില്‍ ഇന്ത്യയിലെ വൈറസ് പോസിറ്റീവ് കേസുകളുടെ എണ്ണം അതിവേഗം വളരുകയാണ്. വാസ്തവത്തില്‍, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കുകളില്‍ ഏറ്റവും മുമ്പില്‍ ഇന്ത്യയാണ്. 200ല്‍ 18 രാജ്യങ്ങള്‍ മാത്രമാണ് അതിവേഗം വളരുന്നത്, എന്നാല്‍ ഇവയെല്ലാം (1.5 ലക്ഷം കേസുകളുള്ള അര്‍ജന്റീന ഒഴികെ) ഏതാനും നൂറുകണക്കിന് അല്ലെങ്കില്‍ ആയിരക്കണക്കിന് കേസുകള്‍ മാത്രമാണ് റിപോര്‍ട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ ബാധിച്ച യുഎസില്‍ വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയാകാന്‍ 40 ദിവസവും ബ്രസീലില്‍ 36 ദിവസവും എടുക്കുമ്പോള്‍ ഇന്ത്യയില്‍ 19 ദിവസത്തിനുള്ളിലാണ് കേസുകള്‍ ഇരട്ടിയാവുന്നത്.