ഭുവനേശ്വര്‍(ഒഡീഷ): കൊവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ 10 ജില്ലകളില്‍ വ്യാഴാഴ്ച മുതല്‍ വൈകീട്ട് 6 മുതല്‍ രാവിലെ 5 വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് ചീഫ് സെക്രട്ടറി സുരേഷ് മഹാപത്ര പ്രഖ്യാപിച്ചു. ഛത്തീസ്ഗഢ് അതിര്‍ത്തിയോട് ചേര്‍ന്ന 10 ജില്ലകളിലാണ് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത്. രാത്രി കര്‍ഫ്യൂക്ക് പുറമേ ഏപ്രില്‍ 17 മുതല്‍ ഈ ജില്ലകളിലെ നഗരപ്രദേശങ്ങളിലും വാരാന്ത്യ ഷട്ട്ഡൗണ്‍ ഏര്‍പ്പെടുത്തും. സംസ്ഥാനത്തെ ശേഷിക്കുന്ന 20 ജില്ലകളിലെ നഗരപ്രദേശങ്ങളില്‍ രാത്രി കര്‍ഫ്യൂ രാത്രി 9 മുതല്‍ വൈകീട്ട് 5 വരെ എന്ന വിധത്തില്‍ നാളെമുതല്‍ ഏര്‍പ്പെടുത്തും. ഏപ്രില്‍ 19 മുതല്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
സിറ്റിങ് കപ്പാസിറ്റിയില്‍ മാത്രം അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് അനുവദിക്കും. ഏപ്രില്‍ 19 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും. കോച്ചിങ് ഇന്‍സ്റ്റിറ്റിയൂട്ടുകളെ ഏപ്രില്‍ 19 മുതല്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ എടുക്കാന്‍ അനുവദിക്കില്ല. എല്ലാ സര്‍ക്കാര്‍ ഓഫിസുകളും 50 ശതമാനം ജീവനക്കാരുമായി മാത്രമേ പ്രവര്‍ത്തിക്കൂ. സ്വകാര്യ സ്ഥാപനങ്ങളെ സ്റ്റാഫ് കുറയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മതപരവും സാമൂഹികവും രാഷ്ട്രീയവുമായ ഒത്തുചേരലുകള്‍ അനുവദിക്കില്ല. രാഷ്ട്രീയ റാലികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. വിവാഹ ചടങ്ങുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുണ്ടാവും. അതിഥികളുടെ എണ്ണം 50 ആയി കുറച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
കൊവിഡ് 19 സാഹചര്യം കണക്കിലെടുത്ത് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് സംസ്ഥാനത്തെ പത്താം ക്ലാസ്, 12 ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കാന്‍ ഉത്തരവിട്ടു. ഒമ്പതാം ക്ലാസ്, 11 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്ലാതെ സ്ഥാനക്കയറ്റം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ഒഡീഷയില്‍ 1,259 പുതിയ കൊവിഡ് 19 കേസുകളും 523 രോഗമുക്തിയും രണ്ട് മരണങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
COVID-19: Curfew from 6 pm to 5 am in Odisha's 10 districts