ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ട്രെയിന്‍ യാത്രികര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. മാസ്‌ക് ധരിക്കാതെ ട്രെയിനില്‍ യാത്ര ചെയ്യുന്നവരില്‍നിന്നും റെയില്‍വേ പരിസരത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്കും 500 രൂപ പിഴയീടാക്കാനാണ് റെയില്‍വേയുടെ തീരുമാനം. കൂടുതല്‍ നിര്‍ദേശങ്ങള്‍ ലഭിക്കുന്നതുവരെ മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് 6 മാസത്തേക്ക് നല്‍കിയിട്ടുണ്ട്. ട്രെയിനിനുള്ളില്‍ യാത്രക്കാര്‍ അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ റെയില്‍വേ പോലിസിന്റെ പരിശോധനയുണ്ടാവും.
രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനാല്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴ ചുമത്താന്‍ സംസ്ഥാന സര്‍ക്കാരുകളും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. മാസ്‌ക് ധരിക്കാത്തവര്‍ക്ക് ആദ്യതവണ 1,000 രൂപയും രണ്ടാമത് പിടിക്കപ്പെടുന്നവര്‍ക്ക് 10,000 രൂപയും പിഴ ഈടാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധയുണ്ടായത്. ആയിരത്തിലധികം ആളുകള്‍ മരിക്കുകയും ചെയ്തു. രോഗവ്യാപനം തീവ്രമായതോടെ ട്രെയിനിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ റെയില്‍വേ തീരുമാനിക്കുകയായിരുന്നു.