തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിലെ 743 ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതായി തിരുമല തിരുപ്പതി ദേവസ്ഥാനം എക്‌സിക്യുട്ടീവ് ഓഫിസര്‍ അനില്‍ കുമാര്‍ സിങ് അറിയിച്ചു. ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനു പിന്നാലെ ജൂണ്‍ 11നു തുറന്ന ക്ഷേത്രത്തിലെ മൂന്നു ജീവനക്കാര്‍ മരണപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കൊവിഡ് ബാധിച്ച ജീവനക്കാരില്‍ 402 പേര്‍ രോഗമുക്തി നേടി തിരിച്ചെത്തി.
338 പേര്‍ തിരുമല തിരുപ്പതി ദേവസ്ഥാനം റസ്റ്റ് ഹൗസില്‍ ചികില്‍സയിലാണ്. ശ്രീനിവാസം, വിഷ്ണു നിവാസം, മാധവം എന്നീ റസ്റ്റ് ഹൗസുകള്‍ നിലവില്‍ കൊവിഡ് ചികില്‍സാ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് ചികില്‍സ ലഭ്യമാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അനില്‍ കുമാര്‍ സിങ് പറഞ്ഞു. കൊവിഡ് വ്യാപനത്തിനിടെ ക്ഷേത്രം തുറന്നതിനെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ എക്‌സിക്യുട്ടീവ് ഓഫിസര്‍ അനില്‍ കുമാര്‍ സിങ് തള്ളി. തീര്‍ത്ഥാടകരില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക കൊവിഡ് വ്യാപന നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ചെലവാകുന്നുണ്ട്. തീര്‍ത്ഥാടകര്‍ ക്ഷേത്രത്തിലെ സുരക്ഷാ സജ്ജീകരണങ്ങളില്‍ പൂര്‍ണ തൃപ്തരാണ്.ദര്‍ശനത്തിലും പ്രസാദത്തിലും കര്‍ശന ജാഗ്രത പാലിക്കുന്നുണ്ടെന്നും ഭാരവാഹികള്‍ പറയുന്നു.