'പ്രധാന മരുന്നുകളുടെ കയറ്റുമതി പുനരാരംഭിച്ചില്ലെങ്കില്‍ തിരിച്ചടിക്കും': മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്
ഞായറാഴ്ച രാവിലെ മോദിയുമായി സംസാരിച്ചിരുന്നു. മരുന്ന് കയറ്റുമതി പുനരാരംഭിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും അതിന് അനുമതി നല്‍കില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും- ട്രംപ് പ്രതികരിച്ചു.
വാഷിങ്ടണ്‍: കൊറോണ വൈറസ് ചികിത്സയില്‍ ഫലപ്രദമാണെന്ന് പലരും വിശ്വസിക്കുന്ന മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതി ചെയ്യാന്‍ ഇന്ത്യ തയ്യാറല്ലെങ്കില്‍ അതേനാണയത്തില്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കൊവിഡ്-19 ചികില്‍സയില്‍ വിദഗ്ധര്‍ അതിന്റെ ഫലപ്രാപ്തി പരിശോധിക്കുന്നതിനിടെ രണ്ടാഴ്ച മുമ്പാണ് കേന്ദ്ര സര്‍ക്കാര്‍ മരുന്നുകയറ്റുമതി നിരോധിച്ച് കൊണ്ട് ഉത്തരവിട്ടത്.
'എനിക്ക് അത്ഭുതമാണ്. കാരണം ഇന്ത്യയും അമേരിക്കയും തമ്മില്‍ നല്ല ബന്ധമാണ് ഉള്ളത്. ഞായറാഴ്ച രാവിലെ ഞാന്‍ മോദിയുമായി സംസാരിച്ചിരുന്നു. മരുന്ന് കയറ്റുമതി പുനരാരംഭിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും അതിന് അനുമതി നല്‍കില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും. എന്തുകൊണ്ട് അത് വേണ്ടെന്ന് വയ്ക്കണം?'- ട്രംപ് പിടിഐയോട് പ്രതികരിച്ചു.
കൊറോണ വൈറസ് ബാധിത രോഗികളെ ചികിത്സിക്കാന്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്ലതാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദേശിച്ചിരുന്നു. അതിനിടെയാണ് മരുന്നിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. മാനുഷിക പരിഗണന കണക്കിലെടുത്ത് ചില ഘട്ടങ്ങളില്‍ മാത്രമേ മരുന്ന് കയറ്റുമതി ചെയ്യുകയുള്ളുവെന്ന് കേന്ദ്രം നിലപാടെടുത്തു.
യുഎസില്‍ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം പിന്നിട്ടിരിക്കുകയാണ്. 3,66,000 പേര്‍ക്കാണ് നിലവില്‍ വൈറസ് ബാധയേറ്റിരിക്കുന്നത്. ഇന്ത്യയിലെ കൊവിഡ് മരണം നൂറ് കടന്നു. നാലായിരക്കിലധികം പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
അതിനിടെ, ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെതുടര്‍ന്ന് മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്ലോറോക്വിന്‍ കയറ്റുമതിക്കുള്ള നിരോധനം ഇന്ത്യ പിന്‍വലിച്ചേക്കുമെന്ന് റിപോര്‍ട്ടുകളുണ്ട്. ഇന്ന് ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമുണ്ടായേക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊവിഡ് 19 പ്രതിരോധത്തിന് സഹായകമെന്ന വിലയിരുത്തലിലാണ് മറ്റ് രാജ്യങ്ങള്‍ ഇന്ത്യയോട് ഇക്കാര്യം ആവശ്യപ്പെടുന്നത്. അതേസമയം രാജ്യത്തിനാവശ്യമായ സ്റ്റോക്കുകള്‍ സംബന്ധിച്ച് പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. കഴിഞ്ഞ മാസം ഹൈഡ്രോക്സിക്ലോറോക്വിന്‍ അടക്കമുള്ള മരുന്നുകളുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്.