നാല് രാജ്യങ്ങള്‍ക്കുകൂടി യാത്രാ വിലക്കേര്‍പ്പെടുത്തി യുഎഇ
നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്.
അബുദബി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് പുറമെ കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. ബുധനാഴ്ച അര്‍ധരാത്രിമുതല്‍ വിലക്ക് പ്രാബല്യത്തിലാകുമെന്ന് യുഎഇ ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള യാത്രകള്‍ക്ക് നേരത്തെ തന്നെ യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് യുഎഇ ഭരണകൂടത്തിന്റെ നടപടി. കൂടുതല്‍ രാജ്യങ്ങള്‍ക്കുകൂടെ വിലക്ക് നിലവില്‍ വന്നതോടെ നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ വഴി യുഎഇയിലേക്ക് വരാനിരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാണ് തീരുമാനം.
ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കാര്‍ഗോ ഫ്‌ലൈറ്റുകള്‍ തടസമില്ലാതെ സര്‍വീസ് നടത്തും. യുഎഇ സ്വദേശികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, വ്യവസായികളുടെ ജെറ്റ് വിമാനങ്ങള്‍ എന്നിവയ്ക്ക് വിലക്ക് ബാധകമല്ല. എന്നാല്‍ ഇങ്ങനെ എത്തുന്നവര്‍ യാത്രാ പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം. യുഎഇയിലെത്തിയ ശേഷം പരിശോധന ആവര്‍ത്തിക്കുകയും 10 ദിവസം ക്വാറന്റീനില്‍ കഴിയുകയും വേണം.