കൊവിഡ് വാക്‌സിന്റെ വില കുറച്ചു; കോവിഷീല്‍ഡിനും കോവാക്‌സിനും 225 രൂപ

കോവിഷീല്‍ഡ് വാക്‌സിന്റെ വില 600 രൂപയില്‍ നിന്ന് 225 രൂപയായാണ് കുറച്ചത്. 1200 രൂപയില്‍ നിന്ന് 225 രൂപയായാണ് കോവാക്‌സിന്റെ വില കുറച്ചത്.

Update: 2022-04-09 13:05 GMT

ന്യൂഡല്‍ഹി: കൊവിഡിനെതിരേ പ്രമുഖ ഔഷധനിര്‍മാണ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്റെയും ഭാരത് ബയോടെക്ക് നിര്‍മ്മിക്കുന്ന കോവാക്‌സിന്റെയും വില കുറച്ചു. കോവിഷീല്‍ഡ് വാക്‌സിന്റെ വില 600 രൂപയില്‍ നിന്ന് 225 രൂപയായാണ് കുറച്ചത്. 1200 രൂപയില്‍ നിന്ന് 225 രൂപയായാണ് കോവാക്‌സിന്റെ വില കുറച്ചത്.

സ്വകാര്യ ആശുപത്രികളില്‍ നിന്ന് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള സര്‍ക്കാര്‍ തിരുമാനത്തിന് പിന്നാലെയാണ് വിലകുറച്ച് കൊണ്ടുള്ള തിരുമാനം. അടുത്തിടെ, സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാവുന്ന സര്‍വീസ് ചാര്‍ജിന്റെ നിരക്ക് 150 രൂപയായി കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. ഇതോടെ 375 രൂപയ്ക്ക് വാക്‌സിന്‍ ലഭിക്കും.

കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് തിരുമാനം കൈക്കൊണ്ടതെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് സി ഇ ഒ അഡാര്‍ പുനവാലെ പറഞ്ഞു. 'കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം, സ്വകാര്യ ആശുപത്രികള്‍ക്കുള്ള കൊവിഷീല്‍ഡ് വാക്‌സിന്റെ വില ഡോസിന് 600 രൂപയില്‍ നിന്ന് 225 ആക്കി പരിഷ്‌കരിക്കാന്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ട് തീരുമാനിച്ചതായി അറിയിക്കുന്നു. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികള്‍ വഴി ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള സര്‍ക്കാര്‍ തിരുമാനത്തേയും അഭിനന്ദിക്കുന്നു'- പൂനവാലെ ട്വീറ്റ് ചെയ്തു.

18 വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്ക് സ്വകാര്യ പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളില്‍ കൊവിഡ് മുന്‍കരുതല്‍ ഡോസ് ലഭ്യക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 10 മുതല്‍ (ഞായര്‍) സ്വകാര്യ പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങള്‍ വഴി 18 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്കായി മുന്‍കരുതല്‍ ഡോസ് വിതരണം ആരംഭിക്കും. രണ്ടാം ഡോസ് എടുത്ത് 9 മാസം പൂര്‍ത്തിയാക്കിയ 18 വയസ്സിനു മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും മുന്‍കരുതല്‍ ഡോസിന് അര്‍ഹതയുണ്ടെന്നായിരുന്നു സര്‍ക്കാര്‍ പത്രകുറിപ്പില്‍ അറിയിച്ചത്.

രാജ്യത്തിതുവരെ 15 വയസ്സിന് മേല്‍ പ്രായമുള്ളവരില്‍ ഏകദേശം 96 % പേര്‍ക്ക് ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 15 വയസ്സിന് മേല്‍ പ്രായമുള്ളവരില്‍ ഏകദേശം 83% പേര്‍ക്ക് രണ്ട് ഡോസും ലഭിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിരപ്പോരാളികള്‍, 60 വയസ്സിന് മേല്‍ പ്രായമുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് 2.4 കോടിയിലധികം മുന്‍കരുതല്‍ ഡോസുകള്‍ വിതരണം ചെയ്തു. 12 മുതല്‍ 14 വയസ്സു വരെ പ്രായമുള്ളവരില്‍ 45% പേര്‍ക്ക് ആദ്യ ഡോസ് ലഭിച്ചു. അതേസമയം ഇന്ത്യയിലെ കൊവിഡ്19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 185.55 കോടി (1,85,55,07,496) പിന്നിട്ടു കഴിഞ്ഞു. 2,24,25,493 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Tags:    

Similar News