കൊറോണ: ബന്ധുക്കള്‍ കൈയൊഴിഞ്ഞ മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ച് പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍
കൊറോണ വൈറസ് വ്യാപനം നഗരത്തില്‍ ഭീതിജനകമാംവിധം ഉയരുന്നതിനിടെ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ഭയംമൂലം സംസ്‌ക്കരിക്കാന്‍ ബന്ധുക്കള്‍ വിസമ്മതിക്കുകയാണ്.
പൂനെ: വിവിധ കാരണങ്ങളാല്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ വിസമ്മതിക്കുന്ന കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ച് മാതൃക തീര്‍ക്കുകയാണ് പുനെയില്‍ ഒരു കൂട്ടം പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍. കൊറോണ വൈറസ് വ്യാപനം നഗരത്തില്‍ ഭീതിജനകമാംവിധം ഉയരുന്നതിനിടെ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ഭയംമൂലം സംസ്‌ക്കരിക്കാന്‍ ബന്ധുക്കള്‍ വിസമ്മതിക്കുകയാണ്. ബന്ധുക്കള്‍ കൈയൊഴിഞ്ഞ നിരവധി മൃതദേഹങ്ങളാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്.ഞായറാഴ്ച വൈകീട്ട് വരെ പൂനെയില്‍ 282 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 29 രോഗികള്‍ മരിച്ചു. വൈറസ് പടരുമെന്ന ഭയം മൂലവും മറ്റു ചില കാരണങ്ങളാലും പല മൃതദേഹങ്ങളും ഏറ്റുവാങ്ങാനും സംസ്‌ക്കരിക്കാനും ബന്ധുക്കള്‍ വിസമ്മതിക്കുകയാണ്.
ഏറ്റെടുക്കാന്‍ ആളില്ലാതിരുന്ന ഏഴു മൃതദേഹങ്ങളാണ് കഴിഞ്ഞ ആഴ്ച മുതല്‍ പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ സംസ്‌ക്കരിച്ചത്. ആരോഗ്യ വകുപ്പില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നതോടെ പ്രവര്‍ത്തകര്‍ അതത് ആശുപത്രികളിലെത്തി മൃതദേഹം ഏറ്റുവാങ്ങി ആംബുലന്‍സില്‍ ശ്മശാനത്തിലെത്തിച്ച് ജനാസ നമസ്‌കാരമുള്‍പ്പെടെയുള്ള അന്തിമ കര്‍മങ്ങള്‍ നിര്‍വഹിച്ച്് ഖബറടക്കുകയാണ് ചെയ്യുന്നത്.കൊവിഡ് 19 മൂലം മരണമടഞ്ഞ രോഗികളെ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോള്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് 35 മുതല്‍ 40 വരെ പിഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജില്ലാ ഭരണകൂടം കഴിഞ്ഞ ആഴ്ച പരിശീലനം നല്‍കിയിരുന്നു.
കുടുംബാംഗങ്ങള്‍ ക്വാറന്റൈനില്‍ ആവുമ്പോള്‍ ബന്ധുക്കള്‍ക്ക് മൃതദേഹം ഏറ്റുവാങ്ങി സംസ്‌ക്കരിക്കുന്നതിന് പ്രയാസമുണ്ടെന്ന് പോപുലര്‍ഫ്രണ്ട് ജില്ലാ പ്രസിഡന്റ് റാസി ഖാന്‍ പറഞ്ഞു. മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പെട്ടതിനാല്‍ കഴിഞ്ഞ ദിവസം നായിഡു ആശുപത്രിയില്‍ മരിച്ച സ്ത്രീയുടെ മൃതദേഹം ഏറ്റുവാങ്ങാനും സംസ്‌ക്കരിക്കാനും ബന്ധുക്കള്‍ക്ക് സാധിച്ചില്ല. പിന്നീട് ഇവരെ തങ്ങളുടെ പ്രവര്‍ത്തകര്‍ കൗസര്‍ബാഗ് ശ്മശാനത്തിലെത്തിച്ച സംസ്‌കരിച്ചതെന്ന് റാസി ഖാന്‍ പറഞ്ഞു.