തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 24 കൊവിഡ് 19 കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോഡ്-12, എറണാകുളം-3, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ രണ്ടുപേര്‍ വീതവും പാലക്കാട് ഒരാള്‍ക്കുമാണ് സ്ഥിരീകരിച്ചത്. ഇന്ന സ്ഥിരീകരിച്ചവരില്‍ ഒമ്പതു പേരാണ് വിദേശത്തു നിന്നെത്തിയവര്‍. ബാക്കിയെല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് പകര്‍ന്നത്. 622 പേരാണ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഇന്നുമാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7965 സാംപിളുകള്‍ പരിശോധനക്കയച്ചു. 7256 എണ്ണത്തില്‍ രോഗബാധയില്ല. ഇതുവരെ രോഗബാധയുണ്ടായവരില്‍ 191 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. ഏഴുപേര്‍ വിദേശികളാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 67 പേര്‍ക്കാണ്. നെഗറ്റീവായത് 26. ഇവരില്‍ നാലുപേര്‍ വിദേശികള്‍.
ലോക്ക് ഡൗണ്‍ ലംഘനം കര്‍ശനമായി തടയാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുവരെയായി പോലിസ് കേസെടുക്കുകയോ തടഞ്ഞുവയ്ക്കുകയോ ചെയ്തിരുന്നതിനു പകരം ഇനി അനാവശ്യമായി പുറത്തിറങ്ങിയാല്‍ പകര്‍ച്ചവ്യാധി നിയമം കൂടി ചുമത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.