കൊവിഡ്: 4000ത്തോളം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് മോചനമാവുന്നു

Update: 2020-05-09 19:05 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പേരില്‍ നിസാമുദ്ദീന്‍ മര്‍കസില്‍നിന്ന് കൊണ്ടുപോയി 28 ദിവസത്തെ സമ്പര്‍ക്ക വിലക്ക് കാലാവധി കഴിഞ്ഞും ഡല്‍ഹി സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ നിന്നു വിട്ടയക്കാതിരുന്ന 4000ത്തോളം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് മോചനമാവുന്നു. മലയാളികള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെയാണ് 40 ദിവസത്തിനുശേഷം വിട്ടയക്കുന്നത്.

    തബ്‌ലീഗ് ജമാഅത്ത് അമീര്‍ മൗലാന സഅദിനെതിരേ പ്രധാന തെളിവായി മാധ്യമങ്ങളും പോലിസും ചൂണ്ടിക്കാട്ടിയിരുന്ന വിവാദ ഓഡിയോ ക്ലിപ്പ് കെട്ടിച്ചമച്ചതാണെന്ന വാര്‍ത്ത പുറത്തുവന്നതിനിടെയാണ് ഫലം നെഗറ്റീവായിട്ടും മാര്‍ച്ച് 31 മുതല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ച തബ്‌ലീഗ് പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഡല്‍ഹിയിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലുള്ള തബ്‌ലീഗ് പ്രവര്‍ത്തകരോട് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തുപോകാമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചതായാണു വിവരം.

    നേരത്തേ, സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ തബ്‌ലീഗ് പ്രവര്‍ത്തകര്‍ മെയ് എട്ടിന് അപേക്ഷ നല്‍കിത്തുടങ്ങിയിരുന്നു. ഡല്‍ഹി സംസ്ഥാനത്തുള്ളവരെ അവരുടെ വീടുകളിലെത്തിക്കാമെന്നും ഡല്‍ഹിക്ക് പുറത്തുള്ളവര്‍ വാഹനം പിടിച്ച് സ്വന്തം വീടുകളിലേക്ക് മടങ്ങുകയോ ഡല്‍ഹിയിലെ പരിചയക്കാരുടെ താമസ സ്ഥലങ്ങളിലേക്ക് മാറുകയോ ചെയ്യാമെന്നാണു ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചത്.




Tags:    

Similar News