തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാലുവീതവും മലപ്പുറത്ത് രണ്ടും കൊല്ലം, തിരുവനന്തപുരം എന്നിവങ്ങളില്‍ ഓരോ കേസുകളുമാണ് സ്ഥിരീകരിച്ചത്. ഇന്നു സ്ഥിരീകരിച്ചവരില്‍ 11 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗ ബാധയുണ്ടായത്. ഒരാള്‍ വിദേശത്തു നിന്നെത്തിയയാളാണ്. 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. 258 പേരാണ് സംസ്ഥാനത്ത് ചികില്‍സയിലുള്ളത്. 136195 പേര്‍ നീരീക്ഷണത്തിലുണ്ട്. 723 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 153 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, സംസ്ഥാനത്ത് നാലു ദിവസം കൊണ്ട് നാല് ലാബ് കൂടി തുടങ്ങുമെന്നും 14 ജില്ലകളില്‍ 14 ലാബുകള്‍ എന്നതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ചിട്ട് 100 ദിവസം പിന്നിട്ടു. കാസര്‍കോട് അതിര്‍ത്തിയില്‍ ചികില്‍സ കിട്ടാതെ ഇന്ന് ഒരാള്‍ മരിച്ചു. രോഗികളെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലും എത്തിക്കും. ആകാശമാര്‍ഗവും ഉപയോഗിക്കും. അതീവ ഗുരുതരാവസ്ഥയിലുള്ളവര്‍ ഉള്‍പ്പടെ എട്ട് വിദേശികള്‍ രോഗവിമുക്തരായി. 83, 76 വയസുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്ക് എറണാകുളം, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളിലാണ് ചികിത്സ നല്‍കിയത്. പ്രവാസി മലയാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ നോര്‍ക്ക വിവിധ എംബസികള്‍ക്ക് കത്തയച്ചിരുന്നു. ഇക്കാര്യത്തില്‍ ഇടപെടുന്നുണ്ടെന്ന് കുവൈത്ത് അംബാസിഡര്‍ മറുപടി നല്‍കിയിട്ടുണ്ട്.
കൊവിഡ് ബാധയെ കുറിച്ച് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്. വരുമാനം നിലച്ചു. പൊതുജനാരോഗ്യ പരിപാലത്തിന് ചെലവഴിക്കുന്ന തുക വന്‍തോതില്‍ വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ ഓപണ്‍ മാര്‍ക്കറ്റില്‍ നിന്ന് വായപ്പയെടുത്താല്‍ മാത്രമേ മുന്നോട്ട് പോകാനാകൂ. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്‌പെഷ്യല്‍ പാന്‍ഡമിക് റിലീഫ് ബോണ്ടുകള്‍ ഇറക്കാനുള്ള അനുവാദം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിനുപുറമെ, സംസ്ഥാനത്തിന്റെ വായ്പാ പരിധി 5 ശതമാനമായി ഉയര്‍ത്തുക, പകര്‍ച്ചവ്യാധി പ്രതിരോധത്തിനും പുനര്‍നിര്‍മാണത്തിനും പുറത്തുനിന്നുള്ള ഏജന്‍സികളിലൂടെ വാങ്ങുന്ന വായ്പയെ സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
എന്‍ 95 മാസ്‌ക് രോഗിക്കും രോഗിയെ പരിചരിക്കുന്നവര്‍ക്കുമാണ് വേണ്ടത്. പൊതു ജനങ്ങള്‍ സാധാരണ തുണി കൊണ്ടുള്ള മാസ്‌ക് ഉപയോഗിച്ചാല്‍ മതിയാവും. കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന മാസ്‌കാണെങ്കിലും കുഴപ്പമില്ല. രക്തദാനത്തിന് തയ്യാറാവണമെന്ന അഭ്യര്‍ഥന നല്ല രീതിയില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. 1023 പേര്‍ക്ക് ഇന്ന് രക്തം നല്‍കാന്‍ കഴിഞ്ഞു.
തിരുവനന്തപുരം ആര്‍സിസിയില്‍ ചികില്‍സയ്‌ക്കെത്താന്‍ ബുദ്ധിമുട്ടുന്ന രോഗികളുടെ പ്രദേശത്ത് തന്നെ ചികില്‍സ ലഭ്യമാക്കുന്ന സൗകര്യം ഒരുക്കും. ചരക്കുനീക്കത്തില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. 2457 ട്രക്കുകള്‍ ഇന്നലെ എത്തിയത്. വിപണിയില്‍ സാധനങ്ങള്‍ ലഭ്യമാണ്. സംസ്ഥാനത്തെ വളം, വിത്ത്, കീടനാശി വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ 11 വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. സ്വകാര്യ ആശുപത്രികള്‍ക്ക് വൈദ്യുതി ചാര്‍ജ്, വെള്ളക്കരം എന്നിവ അടക്കേണ്ട തിയതിയില്‍ മാറ്റം വരുത്തും. ബുക്ക് ഷോപ്പുകള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തുറക്കുന്നത് പരിഗണനയിലുണ്ട്. രോഗവ്യാപനം വര്‍ധിക്കുന്നില്ല എന്നതിനാല്‍ സുരക്ഷിതമാണെന്ന തോന്നല്‍ ചിലര്‍ക്കുണ്ട്. ഇത് ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ വ്യാപിക്കാന്‍ കാരണമാവുന്നുണ്ട്. ശാരീരിക അകലം കര്‍ശനമായും പാലിക്കണം. ഇക്കാര്യത്തില്‍ ജാഗ്രതയോടെ ഇടപെടണം. അശ്രദ്ധ കാണിച്ചാല്‍ എന്തും സംഭവിക്കാവുന്ന സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.