ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയുടെ രണ്ടാംതരംഗത്തില്‍ രാജ്യം ഓക്‌സിജനു വേണ്ടി വലയുമ്പോള്‍ കേരള മാതൃകയെ പുകഴ്ത്തി അന്താരാഷ്ട്ര മാധ്യമമായ ബിബിസിയും രംഗത്ത്. ദേശീയ മാധ്യമങ്ങളുടെ പിന്നാലെയാണ് കേരളത്തെ പ്രകീര്‍ത്തിച്ച് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷ(ബിബിസി)യും രംഗത്തെത്തിയത്. ഇന്ത്യയിടെ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ചുള്ള റിപോര്‍ട്ടിലാണ് കേരളത്തിന്റെ ദീര്‍ഘദൃഷ്ടിയെ കുറിച്ചു പരാമര്‍ശിക്കുന്നത്. കേരളം ദുരിതാവസ്ഥയെ മുന്‍കൂട്ടി കണ്ടെന്നും അതിനാല്‍ അവര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുകയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ തെക്കേയറ്റത്തെ സംസ്ഥാനമായ കേരളം ആവശ്യം സസൂക്ഷ്മം നിരീക്ഷിച്ച് കൊവിഡ് കേസുകളില്‍ വരാവുന്ന വര്‍ധനവ് കണക്കിലെടുത്ത് ആസൂത്രണം ചെയ്ത് ഓക്‌സിജന്‍ വിതരണം ഉയര്‍ത്തി. ഇപ്പോള്‍ അധികമുള്ള ഓക്‌സിജന്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുകയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.
നേരത്തേ, ദുരന്തകാലത്തെ കേരള മാതൃക എന്ന വിധത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്, മണി കണ്‍ട്രോള്‍, എഎന്‍ഐ, ദി ന്യൂസ് മിനുട്ട് എന്നിവയും കേരളത്തിന്റെ ഓക്‌സിജന്‍ കരുതലിനെ കുറിച്ച് റിപോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഗോവ, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് കേരളം ഓക്‌സിജന്‍ എത്തിച്ചുകൊടുത്തിരുന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം രോഗികള്‍ മരിക്കുകയും ഡോക്ടര്‍മാര്‍ ഓക്‌സിജന്‍ ക്ഷാമം വെളിപ്പെടുത്തി വിലപിക്കുകയും ചെയ്യുമ്പോഴാണ് കേരളത്തിന്റെ പുത്തന്‍മാതൃകയെന്ന് റിപോര്‍ട്ടുകളില്‍ വിവരിക്കുന്നുണ്ട്.
കേരളത്തില്‍ ദിവസേന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും ആവശ്യമായ ഓക്‌സിജന്റെ രണ്ടിരട്ടിയോളം നിലവില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ 66 മെട്രിക് ടണ്ണില്‍ നിന്ന് 73 മെട്രിക് ടണ്ണാക്കി ഓക്‌സിജന്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. നിലവില്‍ സ്വകാര്യ മേഖലയിലേത് അല്ലാതെ മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപദ്ധതികളുടെ ഭാഗമായി കഴിഞ്ഞ ഓക്ടോബറില്‍ കേരളത്തില്‍ കെഎംഎംഎല്‍ 58 കോടി രൂപ ചെലവില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചിരുന്നു. കൊവിഡിന്റെ ആദ്യകാലത്ത് തന്നെ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്‍ വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്ന ഓക്‌സിജന്റെ വേസ്റ്റ് ദ്രവരൂപത്തിലേക്ക് മാറ്റി ആശുപത്രികള്‍ക്ക് നല്‍കുന്ന ഓക്‌സിജനാക്കാന്‍ തുടങ്ങിയിരുന്നു. 63 ടണ്‍ വ്യാവസായിക ഓക്‌സിജനും(വാതക രൂപത്തില്‍) 70 ടണ്‍ നൈട്രജനും ഉല്‍പ്പാദിപ്പിക്കുന്നതിന്റെ ഉപോല്‍പ്പന്നമായി പ്രതിദിനം 7 ടണ്‍ 'മാലിന്യ' ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിച്ചു. ഈ പാഴായ ഓക്‌സിജനെ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് തീരുമാനിച്ചത്.
ഇനോക്‌സ് പ്ലാന്റില്‍ 149 മെട്രിക് ടണ്ണും കെഎംഎംഎല്ലില്‍ 6 മെട്രിക് ടണ്ണും കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ 5.45 മെട്രിക് ടണ്ണും ഭാരത് പെട്രോളിയം കോര്‍പറേഷന്‍ 0.322 മെട്രിക് ടണ്ണും വീതമാണ് ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഈ പ്ലാന്റുകളിലൊന്നും 100 ശതമാനം ഉല്‍പ്പാദനമല്ല നടക്കുന്നത്. ആവശ്യമെങ്കില്‍ 100 ശതമാനം ഉല്‍പ്പാദനം നടത്താനാവുമെന്നാണ് അധികൃതര്‍ പറയുന്നത്.
Covid: BBC also praised the 'Kerala model' in oxygen production