ഒരാളില്‍നിന്ന് 30 ദിവസത്തിനുള്ളില്‍ 406 പേര്‍ക്ക് വരെ കൊവിഡ് ബാധിക്കും; രണ്ടാം തരംഗത്തില്‍ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

കൊവിഡ് പ്രതിരോധത്തിന് ആളുകള്‍ വീടുകള്‍ക്കുള്ളില്‍ പോലും മാസ്‌ക് ധരിക്കേണ്ട സമയമാണ് ഇപ്പോള്‍. വീടിനുള്ളില്‍ പോലും മാസ്‌ക് ധരിക്കണമെന്ന് നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ.വി കെ പോള്‍ അഭിപ്രായപ്പെട്ടു.

Update: 2021-04-26 14:07 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ശാരീരിക അകലം പാലിച്ചില്ലെങ്കില്‍ ഒരാളില്‍നിന്ന് 30 ദിവസത്തിനുള്ളില്‍ 406 പേര്‍ക്ക് വരെ രോഗം ബാധിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൊവിഡ് രണ്ടാം തരംഗം കൂടുതല്‍ മാരകമാണ്. അതുകൊണ്ടുതന്നെ കൊവിഡ് പ്രതിരോധത്തിന് ആളുകള്‍ വീടുകള്‍ക്കുള്ളില്‍ പോലും മാസ്‌ക് ധരിക്കേണ്ട സമയമാണ് ഇപ്പോള്‍. വീടിനുള്ളില്‍ പോലും മാസ്‌ക് ധരിക്കണമെന്ന് നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ.വി കെ പോള്‍ അഭിപ്രായപ്പെട്ടു.

പൗരന്‍മാരോട് ആവശ്യപ്പെടുന്നതുവരെ പുറത്തുപോവരുത്. കുടുംബാംഗങ്ങള്‍ക്കിടയിലും മുഖംമൂടി ധരിക്കണം. പുറത്തുനിന്നുള്ളവരെ കുടുംബ വീടുകളിലേക്ക് ക്ഷണിക്കുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് പല സംസ്ഥാനങ്ങളിലെയും ആശുപത്രികളില്‍ മെഡിക്കല്‍ ഓക്‌സിജന്റെയും കിടക്കകളുടെയും കുറവ് നേരിടുന്നുണ്ട്. രാജ്യത്ത് ആവശ്യമായ മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാണ്. എന്നാല്‍, ക്ഷാമം നേരിടുന്ന ആശുപത്രികളിലേക്ക് എത്തിക്കുക എന്നതാണ് വെല്ലുവിളി.

വിദേശത്തുനിന്ന് ഓക്‌സിജന്‍ ടാങ്കറുകള്‍ വാങ്ങുന്നതിനോ വാടകയ്ക്ക് എടുക്കുന്നതിനോ നടപടികള്‍ ആരംഭിച്ചു. ഓക്‌സിജന്‍ ടാങ്കറുകളുടെ ഗതാഗതം ഒരു പ്രധാന വെല്ലുവിളിയാണ്. തല്‍സമയ ട്രാക്കിങ് ഉപയോഗിച്ച് ഓക്‌സിജന്‍ ടാങ്കറുകളുടെ ഗതാഗതം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയ അഡീഷനല്‍ സെക്രട്ടറി പീയൂഷ് ഗോയല്‍ പറഞ്ഞു. ഇന്ത്യയില്‍ വഷളായിക്കൊണ്ടിരിക്കുന്ന ഓക്‌സിജന്‍ പ്രതിസന്ധി കണക്കിലെടുത്ത് റെംഡെസിവിര്‍, ടോസിലിസുമാബ് തുടങ്ങിയ മരുന്നുകളുടെ ഉപയോഗം പ്രധാനമാണ്.

നിലവിലെ കൊവിഡ് അവസ്ഥയെക്കുറിച്ച് പരിഭ്രാന്തരാവരുതെന്ന് കേന്ദ്രം ജനങ്ങളോട് അഭ്യര്‍ഥിച്ചു. അനാവശ്യമായ പരിഭ്രാന്തി ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷം വരുത്തുമെന്ന് ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. പരിഭ്രാന്തി മൂലം നിരവധി പേര്‍ ആശുപത്രി കിടക്കകള്‍ കൈവശം വയ്ക്കുന്നുണ്ട്. എന്നാല്‍, ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം മാത്രം ആശുപത്രിയില്‍ പ്രവേശനം നേടണം. സാച്ചുറേഷന്‍ ലെവല്‍ 94 ശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതലാണെങ്കില്‍ വിഷമിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News