കൊവിഡ് കേസുകള്‍ കൂടുന്നു; കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ ജാഗ്രതാനിര്‍ദ്ദേശവുമായി കേന്ദ്രം
കേരളത്തിന് പുറമെ തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് പുറമെ തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മൂന്ന് മാസത്തിനിടെയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അവയില്‍ മുപ്പത്തിയൊന്ന് ശതമാനം കേരളത്തിലാണ്. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെ തുടര്‍ന്ന് മാസ്‌ക് ധരിക്കുന്നത് അടക്കമുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കുന്നതില്‍ പല സംസ്ഥാനങ്ങളിലും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്. ഇതേ തുടര്‍ന്ന് മാസ്‌ക ധരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും സാമൂഹിക അകലം അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ശക്തമാക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
അതേസമയം രാജ്യത്ത്് 4,033 പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. മാര്‍ച്ച് 10നാണ് നേരത്തെ പ്രതിദിന കണക്കുകള്‍ നാലായിരത്തില്‍ എത്തിയത്. ചില സംസ്ഥാനങ്ങളിലെ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതാണ് രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം കൂടാന്‍ കാരണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ഏപ്രില്‍ 18ന് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ കത്തിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വാക്‌സിനേഷന്‍, പരിശോധന, നിരീക്ഷണം തുടങ്ങിയവ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.