കൊവിഡ് 'പരിശോധിച്ച്' വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി; വളാഞ്ചേരിയില്‍ ലബോറട്ടറി പൂട്ടിച്ച് പോലിസ് കേസെടുത്തു
സുനില്‍ സാവത്തിന്റെ ഉടമസ്ഥതയില്‍ വളാഞ്ചേരി കൊളമംഗലത്ത് പ്രവര്‍ത്തിക്കുന്ന അര്‍മ ലാബോറട്ടറിക്കെതിരേയാണ് പോലിസ് നടപടി സ്വീകരിച്ചത്.
മലപ്പുറം: വളാഞ്ചേരിയില്‍ കൊവിഡ് പരിശോധന നടത്താതെ രോഗിക്ക് പരിശോധനാഫലം നെഗറ്റീവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ലബോറട്ടറി പോലിസ് അടപ്പിച്ചു. ലബോറട്ടറി ഉടമയ്‌ക്കെതിരേ പോലിസ് കേസെടുത്തു. സുനില്‍ സാവത്തിന്റെ ഉടമസ്ഥതയില്‍ വളാഞ്ചേരി കൊളമംഗലത്ത് പ്രവര്‍ത്തിക്കുന്ന അര്‍മ ലാബോറട്ടറിക്കെതിരേയാണ് പോലിസ് നടപടി സ്വീകരിച്ചത്. ഈ മാസം 14ന് തൂത സ്വദേശി കൊവിഡ് പരിശോധനക്ക് അര്‍മ ലബോറട്ടറിയെ സമീപിച്ചിരുന്നു.
ഇദ്ദേഹത്തിന്‍ നിന്ന് സ്വീകരിച്ച സ്രവം കോഴിക്കോടുള്ള മൈക്രോ ഹെല്‍ത്ത് ലബോററ്ററിക്ക് പരിശോധനക്കയക്കാതെ നെഗറ്റീവായ മറ്റൊരു വ്യക്തിയുടെ സര്‍ട്ടിഫിക്കറ്റ് തിരുത്തി തൂത സ്വദേശിയുടെ പേരിലാക്കി നല്‍കുകയായിരുന്നു. ഇതിന് പണം ഈടാക്കുകയും ചെയ്തു.
തൂത സ്വദേശിക്ക് കൊവിഡ് പോസിറ്റീവായ വിവരം ആരോഗ്യവകുപ്പ് അറിയിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. കൊവിഡ് രോഗിയുടെ പരാതിയിലാണ് വളാഞ്ചേരി പോലിസ് കേസെടുത്തത്. ലാബിലെ രജിസ്റ്ററും ഹാര്‍ഡ് ഡിസ്‌കും പോലിസ് പിടിച്ചെടുത്തു. നേരത്തേയും സമാനമായ തട്ടിപ്പ് നടന്നതായി സൂചനയുണ്ട്.