രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; 24 മണിക്കൂറിനിടെ 35,662 പേര്‍ക്ക് വൈറസ് ബാധ
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു. 35,622 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചത്തെക്കാള്‍ 3.65 ശതമാനം കൂടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച 34,403 പേര്‍ക്കാണ് രോഗം പിടിപെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊവിഡ് രോഗികള്‍ അനുദിനം വര്‍ധിക്കുന്നതായാണ് റിപോര്‍ട്ടുകള്‍. വ്യാഴാഴ്ചത്തെ അപേക്ഷിച്ച് വെള്ളിയാഴ്ച രോഗികളുടെ എണ്ണത്തില്‍ 12.5 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരുദിവസത്തിനിടെ ഇന്ത്യയില്‍ 281 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്.
മൊത്തം മരണസംഖ്യ 4,44,529 ആയി ഉയര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ജന്‍മദിനത്തില്‍ റെക്കോര്‍ഡ് വാക്‌സിനേഷന്‍ നല്‍കി രാജ്യം കൊവിഡ് പോരാട്ടത്തില്‍ മുന്നേറിയതിന് പിന്നാലെയാണ് രോഗികളുടെ എണ്ണം കൂടിയത്. നിലവില്‍ രാജ്യത്ത് 3.40 ലക്ഷം ആളുകള്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലുണ്ട്. ഇത് മൊത്തം കേസുകളുടെ 1.02 ശതമാനം വരും. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചികില്‍സയിലുള്ളത് കേരളത്തിലാണ്. 33,798 പേരാണ് 24 മണിക്കൂറിനിടെ രോഗത്തില്‍നിന്നും മുക്തി നേടിയത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,26,32,222 ആയി ഉയര്‍ന്നു.
രോഗമുക്തി നിരക്ക് നിലവില്‍ 97.65 ശതമാനം ആണ്. രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരും മരണങ്ങളും കൂടുതല്‍ റിപോര്‍ട്ട് ചെയ്യുന്നതും നിലവില്‍ കേരളത്തിലാണ്. വെള്ളിയാഴ്ച 23,260 പേര്‍ക്കാണ് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത് 3,586 പേര്‍ക്ക് മാത്രം. നൂറിലധികം മരണങ്ങളും നിലവില്‍ പ്രതിദിനം റിപോര്‍ട്ട് ചെയ്യുന്നതും കേരളത്തില്‍ മാത്രം. വെള്ളിയാഴ്ച കേരളത്തില്‍ 131 പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ 67 പേരും മരിച്ചു.