സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് തിരുവനന്തപുരത്ത് ചികില്‍സയിലായിരുന്ന പോത്തന്‍കോട് സ്വദേശി

തിരുവനന്തപുരത്ത് ചികില്‍സയിലുണ്ടായിരുന്ന പോത്തന്‍കോട് സ്വദേശിയായ 68കാരനായ കോവിഡ് ബാധിതനാണ് രാവിലെ മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

Update: 2020-03-31 03:07 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം ഇതോടെ, സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പോത്തന്‍കോട് മഞ്ഞുമല കൊച്ചുവിളാകം വീട്ടില്‍ അബ്ദുള്‍ അസീസ് (68) ആണ് മരിച്ചത്. റിട്ടയേഡ് എഎസ്‌ഐ ആയിരുന്നു അദ്ദേഹം. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇയാളുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.ഇദ്ദേഹത്തിന്റെ ആരോഗ്യ നില കഴിഞ്ഞ രണ്ടു ദിവസമായി അതീവ ഗുരുതരമായിരുന്നു. വെന്റിലേറ്ററില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഇദ്ദേഹം. ശ്വാസ കോശ സംബന്ധമായും വൃക്ക സംബന്ധമായും ഇദ്ദേഹത്തിന് അസുഖങ്ങളുണ്ടായിരുന്നു. ഇയാളുടെ ആരോഗ്യ നില തൃപ്തികരമല്ലെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചിരുന്നു.

ഇദ്ദേഹത്തിന് എങ്ങനെയാണ് രോഗബാധയുണ്ടായത് എന്ന കാര്യത്തില്‍ ഇനിയും ഒരു നിഗമനത്തിലെത്താന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. ഇദ്ദേഹത്തെ ചികിത്സിച്ച നാല് ഡോക്ടര്‍മാരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇദ്ദേഹം തോന്നയ്ക്കല്‍ പിഎച്ച്‌സിയില്‍ ആദ്യം രോഗലക്ഷണങ്ങളുമായി എത്തി. എന്നാല്‍ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രി അധികൃതര്‍ തിരികെ വിട്ടു. പിന്നീട് മാര്‍ച്ച് 21ന് വീണ്ടും കടുത്ത രോഗലക്ഷണങ്ങളുമായി ഇദ്ദേഹം അതേ പിഎച്ച്‌സിയിലെത്തി. പിന്നീട് തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൂടി പോയ ഇദ്ദേഹത്തെ പിന്നീട് അവിടത്തെ ഡോക്ടറാണ് ദിശ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.മാര്‍ച്ച് 2ന് ഒരു വിവാഹ ചടങ്ങില്‍ ഇദ്ദേഹം പങ്കെടുത്തതായി വ്യക്തമായിട്ടുണ്ട്. നാല് മരണാനന്തര ചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. മാര്‍ച്ച് 20 വരെ ഇദ്ദേഹം പള്ളിയില്‍ പോയിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ മാര്‍ച്ച് 23ന് വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയില്‍ ഇദ്ദേഹം ചികിത്സ തേടിയിട്ടുണ്ട്.

നാട്ടിലെത്തിയ പ്രവാസികളുമായോ വിദേശികളുമായോ ഇദ്ദേഹം ഇടപെട്ടതായി ഇതുവരെ കണ്ടെത്താനായിട്ടില്ല. മാര്‍ച്ച് ആദ്യവാരം മുതലുള്ള ഇദ്ദേഹത്തിന്റെ സഞ്ചാര പാത ആരോഗ്യവകുപ്പ് പുറത്തു വിട്ടിട്ടുണ്ട്. മാര്‍ച്ച് രണ്ടിന് പോത്തന്‍കോട് വിവാഹചടങ്ങില്‍ പങ്കെടുത്തു, അതേ ദിവസവും മാര്‍ച്ച് 11നും, 18നും, 21നും മരണാന്തര ചടങ്ങുകളില്‍ പങ്കെടുത്തു. ഒരു കാസര്‍കോട് സ്വദേശിയും ചെന്നൈ സ്വദേശിയും ഇദേഹം പങ്കെടുത്ത ചടങ്ങിനെത്തിയതായി വിവരമുണ്ട്. മാര്‍ച്ച് 20 വരെ വീടിന് സമീപമുള്ള പള്ളിയിലും ഇദ്ദേഹം പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    

Similar News