കണ്ണൂര്‍: കൊവിഡ് ബാധിച്ച് മരിച്ച മാഹി ചെറുകല്ലായി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപത്തെ മഹ്‌റൂഫി(71)ന്റെ മൃതദേഹം പരിയാരത്ത് സംസ്‌കരിക്കാന്‍ തീരുമാനം. പരിയാരം മെഡിക്കല്‍ കോളജിന് സമീപം കോരന്‍പീടിക ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ പ്രോട്ടോകോള്‍ പ്രകാരം മൃതദേഹം സംസ്‌കരിക്കുക. വീട്ടുകാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇത്തരമൊരു തീരമാനമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.
അതേസമയം, മഹ്‌റൂഫിന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണോ കൊറോണ വൈറസ് ബാധിച്ചതെന്ന കാര്യം അന്വേഷിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ജില്ലാ കലക്്ടര്‍ അന്വേഷണം നടത്തുന്നതായി ഡിഎംഒ ഡോ. നാരായണ നായിക് വ്യക്തമാക്കി. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ ഡോക്ടറും നഴ്‌സുമാരടക്കം 20ലേറെ പേരുടെ സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. മഹ്‌റൂഫിനെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയിലെ ഐസിയു മുറിയില്‍ നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ച ഒരാളുണ്ടായിരുന്നുവെന്നാണ് സംശയമുയര്‍ന്നിട്ടുള്ളത്. ഏപ്രില്‍ രണ്ട്, മൂന്ന് തിയ്യതികളില്‍ ഇരുവരും ഒരേ ഐസിയുവിലാണ് ഉണ്ടായിരുന്നതെന്നാണ് സൂചന. ചെറുവാഞ്ചേരി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ച ശേഷമാണ് മഹ്‌റൂഫിന്റെ സ്രവം പരിശോധിച്ചത്.
തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്കു മാറ്റിയിരുന്ന മഹ്‌റൂഫ് ഇന്ന് രാവിലെ 7.15ഓടെയാണ് മരണപ്പെട്ടത്. മാര്‍ച്ച് 26ന് പനി ബാധിച്ചാണ് ഇദ്ദേഹം തലശ്ശേരിയിലെ ടെലി സെന്ററിലേക്ക് കൊണ്ടുപോയത്. പിന്നീട് 29നും30 നും ഇദ്ദേഹം ആശുപത്രിയിലെത്തി. 30നു നില വഷളായ ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു. പിന്നീട് ആരോഗ്യസ്ഥിതി വഷളായതോടെ ഇദ്ദേഹത്തെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ച് ന്യൂമോണിയ ബാധിക്കുകയും ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാവുകയും ചെയ്‌തെന്നാണ് നാട്ടുകാരും പറയുന്നത്. ജലദോഷം, പനി തുടങ്ങിയ കൊവിഡിന്റെ പ്രഥമ ലക്ഷണങ്ങളൊക്കെ ഉണ്ടായിട്ടും തലശ്ശേരിയിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളില്‍നിന്ന് ആദ്യഘട്ടത്തില്‍ തന്നെ പരിശോധന നടത്തിയില്ലെന്നും ആരോപണമുണ്ട്. ഹൃദ്രോഗിയും വൃക്കരോഗിയുമായിരുന്ന മഹ്‌റൂഫുമായി നേരിട്ട് ഇടപഴകിയ 26 പേരുടെ സ്രവം പരിശോധിച്ചെങ്കിലും ആര്‍ക്കും കൊവിഡ് കണ്ടെത്തിയിട്ടില്ല.