പ്രവാസികള്‍ക്കുള്ള കൊവിഡ് പരിശോധന; കേന്ദ്രം അയവ് വരുത്തില്ലെന്ന് വി മുരളീധരന്‍

Update: 2021-02-25 08:41 GMT

ന്യൂഡല്‍ഹി: പ്രവാസികള്‍ക്കായുള്ള കൊവിഡ് പരിശോധനയില്‍ കേന്ദ്രം അയവ് വരുത്തിലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കൊവിഡ് വ്യാപനം ഉയരുന്നതിന്റെ സാഹചര്യത്തിലാണ് പരിശോധനകള്‍ വേണ്ടി വരുന്നതെന്നും ജാഗ്രതയുടെ ഭാഗമായുള്ള മാര്‍ഗ്ഗ നിര്‍ദേശമാണ് കേന്ദ്രം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇരട്ട പരിശോധനക്കെതിരേ പ്രതിഷേധം ശക്തമാണ്. 5000 രൂപയോളം മുടക്കിയാണ് പ്രവാസികള്‍ കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലം കരസ്ഥമാക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് വിമാനത്താവളങ്ങളിലെ പരിശോധന നടക്കുന്നതെന്നും, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും ജാഗ്രതയുടെ ഭാഗമായി പരിശോധന ആവശ്യമാണെന്നും മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇരട്ട പരിശോധനക്കെതിരെ വിമാനത്തവളത്തിലടക്കം പ്രവാസികള്‍ പ്രതിഷേധിച്ചിരുന്നു. വിമാനത്താവള പരിശോധന ഒഴിവാക്കണമെന്ന് എം.കെ രാഘവന്‍ എം പി ആവശ്യപ്പെട്ടു. മലബാര്‍ ഡെവലപ്‌മെന്റ് ഫോറവും കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.

ശരാശരി പ്രവാസി നാട്ടിലെത്തിയാല്‍ വിമാനത്താവളത്തില്‍ത്തന്നെ 1700-1800 വരെ രൂപ ചെലവിട്ട് വീണ്ടും പരിശോധന നടത്തണം. 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം കൈയിലുള്ളവര്‍ക്ക് വന്നിറങ്ങുമ്പോള്‍ തന്നെ വീണ്ടും പരിശോധന നടത്തേണ്ടിവരികയാണ്. പിന്നീട് ഏഴുദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ് വീണ്ടും കൊവിഡ് പരിശോധന നടത്തണം. 250 റിയാല്‍ മുതലാണ് സൗദിയില്‍ ഈടാക്കുന്ന തുക. ഇതിന് പുറമെ ക്വാറന്റൈന്‍ കഴിഞ്ഞ് വീണ്ടും ടെസ്‌റ്റെടുക്കുന്നതോട ചെലവ് 10,000 കവിയും. അധികദിവസം നാട്ടില്‍ നില്‍ക്കുന്ന ഒരു പ്രവാസിയെ സംബന്ധിച്ച് തിരിച്ചുകയറുമ്പോള്‍ നാലാമതും പരിശോധന നടത്തേണ്ടിവരുന്നു. ഇതുവരെ യുഎഇയില്‍നിന്ന് നാട്ടിലേക്കുപോവുന്നതിന് കൊവിഡ് പരിശോധന ആവശ്യമുണ്ടായിരുന്നില്ല. നാട്ടില്‍ചെന്ന് ക്വാറന്റൈന്‍ കഴിഞ്ഞശേഷമാണ് പരിശോധന നടത്തിയിരുന്നത്. കുടുംബവുമായി യാത്രചെയ്യുന്നവര്‍ മുപ്പതിനായിരത്തിലേറെ റിയാല്‍ ടെസ്റ്റിന് ചെലവഴിക്കണമെന്ന് ചുരുക്കം.




Similar News