18 പേര്‍ക്ക് കൊവിഡ്; പൂരം പ്രദര്‍ശനം നിര്‍ത്തി, വെടിക്കെട്ടിനും കാണികളെ വിലക്കി

പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

Update: 2021-04-20 09:28 GMT

പ്രതീകാത്മക ചിത്രം

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരപ്രദര്‍ശനനഗരിയിലെ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 18 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്. പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പൂരം പ്രദര്‍ശനം പൂരം കഴിയുന്നത് വരെ നിര്‍ത്തി വയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

ഇത്തവണ വെടിക്കെട്ട് കാണാനും പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടെന്നാണ് ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നത്. പൊതുജനത്തെ റൗണ്ടില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കും. സാമ്പിള്‍ വെടിക്കെട്ട് കുഴിമിന്നല്‍ മാത്രം. വെടിക്കെട്ടിന്റെ സജ്ജീകരണങ്ങള്‍ പരിശോധിക്കാനായി പെസോ ഉദ്യോഗസ്ഥര്‍ നാളെ തൃശ്ശൂരെത്തി പരിശോധന നടത്തും.

അതേസമയം, പാറമേക്കാവ് ഇത്തവണ ആഘോഷങ്ങളില്‍ പിറകോട്ട് പോവില്ലെന്നാണ് തീരുമാനമെടുത്തിട്ടുള്ളത്. 15 ആനപ്പുറത്ത് പൂരം ആഘോഷമായി നടത്തുമെന്ന് പാറമേക്കാവ് അറിയിച്ചു. ഇക്കാര്യം തൃശൂര്‍ കലക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിച്ചു.

കുടമാറ്റം പ്രതീകാത്മകമായി മാത്രമാണ് നടത്തുക. എന്നാല്‍ തിരുവമ്പാടി നിരവധി ആനകളെ എഴുന്നള്ളിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. തിരുവമ്പാടി ഒറ്റയാനപ്പുറത്ത് മാത്രമേ തിടമ്പ് എഴുന്നള്ളിക്കൂ. അതനുസരിച്ചേ വാദ്യഘോഷവും ഉണ്ടാകൂ. പകല്‍പ്പൂരം ചടങ്ങ് മാത്രമായിട്ടേ നടക്കൂ.

കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുജനങ്ങള്‍ക്ക് പൂരപ്പറമ്പിലേക്ക് പ്രവേശനം അനുവദിക്കാതെ ചടങ്ങുകള്‍ മാത്രമായി തൃശൂര്‍ പൂരം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ആഘോഷങ്ങള്‍ ഒഴിവാക്കി പ്രതീകാത്മകമായി പൂരം നടത്താന്‍ തിരുവമ്പാടി ദേവസ്വവും ഘടകക്ഷേത്രങ്ങളും നിലപാടെടുത്തു. ഒരാനപ്പുറത്ത് പൂരം എഴുന്നള്ളിപ്പ് നടത്താനാണ് ഘടകക്ഷേത്രങ്ങള്‍ ഒരുങ്ങുന്നത്. വാദ്യക്കാരും ഭാരവാഹികളും ഉള്‍പ്പെടെ ഒരേസമയം 50 പേര്‍ മാത്രമാണ് പങ്കെടുക്കുക എന്നും ഇവര്‍ അറിയിച്ചു. എന്നാല്‍ ആഘോഷങ്ങളില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടാണ് പാറമേക്കാവിന്റേത്.

ഇത്തവണ 23, 24 തീയതികളില്‍ തൃശ്ശൂര്‍ നഗരം പോലിസ് ഏറ്റെടുക്കുമെന്ന് എസ്പി വ്യക്തമാക്കി. സ്വരാജ് റൗണ്ടിലേക്കുള്ള വഴികളും, കടകളും പൂര്‍ണമായി അടയ്ക്കും. പാസ്സുള്ളവര്‍ക്ക് റൗണ്ടിലേക്കുള്ള എട്ട് വഴികളിലൂടെ പൂരപ്പറമ്പിലേക്ക് പ്രവേശിക്കാം. രണ്ടായിരം പൊലീസുദ്യോഗസ്ഥരാണ് ക്രമസമാധാനച്ചുമതല നിര്‍വഹിക്കാനായി ഡ്യൂട്ടിയിലുണ്ടാവുക. 23. 24 തീയതികളില്‍ സ്വരാജ് റൗണ്ടില്‍ ഗതാഗതം നിരോധിക്കും.

Tags:    

Similar News