50 ലക്ഷം ഡോസ് വാക്‌സിന്‍ അനുവദിക്കണം; കേന്ദ്ര മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് വാക്‌സിന്‍ അനുവദിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനുമായുള്ള ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുകയാണെന്ന് യോഗം വിലയിരുത്തി. കേരളത്തിലും രോഗികളുടെ എണ്ണം കൂടിവരികയാണ്. അതനുസരിച്ച് കേരളം ഒരുക്കിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
പരിശോധനയുടെയും ചികില്‍സയുടെയും കാര്യത്തില്‍ കേരളം മുന്നില്‍ തന്നെയാണ്. സീറോ സര്‍വയന്‍സ് സര്‍വേ പ്രകാരം കേരളത്തില്‍ 11 ശതമാനം പേര്‍ക്കാണ് കൊവിഡ് വന്ന് പോയിട്ടുള്ളത്. അതായത് 89 ശതമാനത്തോളം പേരെ കൊവിഡില്‍ നിന്നു സംരക്ഷിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് ആകെ 60.54 ലക്ഷത്തോളം ഡോസ് വാക്‌സിനാണ് എത്തിച്ചത്. ഇനി അഞ്ചര ലക്ഷത്തോളം ഡോസ് വാക്‌സിന്‍ മാത്രമാണുള്ളത്. അതിനാല്‍ 50 ലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനത്തിന് അനുവദിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഓക്‌സിജന്റെയും മരുന്നിന്റെയും ക്ഷാമം തല്‍ക്കാലം ഇല്ലെങ്കിലും രോഗികള്‍ കൂടുന്ന അവസ്ഥയുണ്ടായാല്‍ ഇതും കൂടി പരിഹരിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കെ കെ ശൈലജ അറിയിച്ചു.
Covid: Health Minister KK Shailaja in talks with Union Minister