കൊവിഡ് അതീവ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി; തിരുവാതിര ആവാമോയെന്ന് മറുചോദ്യം; വീണാ ജോര്‍ജിന്റെ എഫ്ബി പേജില്‍ പൊങ്കാല

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ അതീവ ജാഗ്രത തുടരണമെന്ന് ആവശ്യപ്പെട്ടുള്ള ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ എഫ്ബി പേജില്‍ വന്‍ പൊങ്കാലയാണ് നടക്കുന്നത്.

Update: 2022-01-18 05:27 GMT
കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം ഭീതിജനകമാം വിധം ഉയരുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 22,000 പിന്നിട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാന ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതിനിടെ, കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ അതീവ ജാഗ്രത തുടരണമെന്ന് ആവശ്യപ്പെട്ടുള്ള ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ എഫ്ബി പേജില്‍ വന്‍ പൊങ്കാലയാണ് നടക്കുന്നത്.

കൊവിഡ് വ്യാപനം കുത്തനെ ഉയര്‍ന്നിട്ടും എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് സിപിഎം നടത്തിയ തിരുവാതിര കളിയുടേയും പാര്‍ട്ടി സമ്മേളനങ്ങളുടേയും പശ്ചാത്തലത്തിലാണ് പൊതുജനങ്ങള്‍ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്.

സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ 22,000 കഴിഞ്ഞിരിക്കുന്നതിനാല്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നായിരുന്നു മന്ത്രി ആവശ്യപ്പെട്ടത്. കൊവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ഡിസംബര്‍ 26ന് 1824 വരെ കുറഞ്ഞതാണ്. എന്നാല്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കൊവിഡ് കേസുകള്‍ വര്‍ധിച്ചു. ജനുവരി ഏഴിന് കേവിഡ് കേസുകള്‍ 5,000ന് മുകളിലായിരുന്നു. അത് കെവലം 10 ദിവസം കൊണ്ട് നാലിരട്ടിയിലധികമായി വര്‍ധിച്ചു. ജനുവരി 12ന് 12,000ന് മുകളിലും ജനുവരി 17ന് 22,000ന് മുകളിലും എത്തിയതായി മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. പൊതു ചടങ്ങുകള്‍ മാര്‍ഗനിര്‍ദേശ പ്രകാരം മാത്രം നടത്തണമെന്നും എല്ലാവരും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


Full View

എന്നാല്‍, മന്ത്രിയുടെ പോസ്റ്റിന് താഴെ ട്രോളുകളും വിമര്‍ശനങ്ങളും കൊണ്ട് നിറയുകയാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനവും ഭരണകക്ഷി അടുത്തിടെ നടത്തിയ തിരുവാതിരയും കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മണിക്കൂറുകള്‍ക്കിടെ ആയിരങ്ങളാണ് മന്ത്രിയുടെ പോസ്റ്റില്‍ ട്രോള്‍ മഴ തീര്‍ത്തത്.

ഇപ്പോ കേസ് കൂടിയതിന്റെ കാരണഭൂതര്‍ ആരാണെന്നാണ് സഹീര്‍ അബ്ബാസ് എന്നയാള്‍ ചോദിക്കുന്നത്.

വിവാദ പിണുവാതിരയ്ക്കു പിന്നാലെ കോഴിക്കോട്ടും പിന്നെ തൃശൂരിലും കോവിഡ് മാനദണ്ഡങ്ങള്‍ പരസ്യമായി കാറ്റില്‍പ്പറത്തി 'തിരു'വാതിരയുടെ അഞ്ചറു കളി'!

മിന്നല്‍ മുരളിയിലെ വില്ലന്റെ റോളിലാണിപ്പോള്‍ പിണറായി സര്‍ക്കാര്‍. പഴയ കാമുകിയെ സ്വന്തമാക്കാന്‍ വേണ്ടി കാട്ടിക്കൂട്ടുന്ന 'സൈക്കോത്തരങ്ങള്‍' പോലെ വോട്ടുകിട്ടാന്‍ വേണ്ടിയുള്ള ഓരോരോ കോപ്രായങ്ങള്‍!

സമ്മേളങ്ങളും 'പിണുവാതിര'യും ഉദ്ഘാടന മഹാമഹങ്ങളും സംഘടിപ്പിക്കുക, ആളുകളിലേക്കു രോഗം വ്യാപിപ്പിക്കുക, എന്നിട്ട് ആകെ താഴിട്ടുപൂട്ടുക, ജോലിയും കൂലിയുമില്ലാതെ മനുഷ്യര്‍ പട്ടിണി കിടക്കുമ്പോള്‍ ഒരു കിറ്റുകൊടുത്ത് 'നാട്ടുകാരേ ഓടി വരണേ, കടയ്ക്കു തീപ്പിടിച്ചേ' എന്നതുപോലൊരു നിലവിളി! 'കിറ്റ് കൊണ്ടോയി നക്കീലേ, വോട്ട് തരണേ' എന്ന്!

എജ്ജാതി സൈക്കോകള്‍!! എന്നാണ് റിയാസ് ടി അലിയുടെ പരിഹാസം. ആദ്യം സ്വന്തം പാര്‍ട്ടിയെ അടുക്കമ്മച്ചീ എന്നാണ് രാജേഷ് രാജു എന്നയാളുടെ ആവശ്യം. തിരുവാതിര ഗാനമേളാ സംഘാടക സമിതികളോട് കൂടി ഒന്ന് ജാഗ്രത പാലിക്കാന്‍ പറയണമെന്നാണ് ഫൈസല്‍ പുതുപ്പള്ളി ആവശ്യപ്പെട്ടിരിക്കുന്നത്.

പാര്‍ട്ടി സമ്മേളനങ്ങളും, തിരുവാതിര, ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, തുടങ്ങിയവ യഥേഷ്ടം നടക്കുമ്പോള്‍ അതിനൊന്നും ഒരു വിലക്കുമേര്‍പ്പെടുത്താതെ, കരുതല്‍ വേണം, ജാഗ്രത വേണം എന്നിങ്ങനെയൊക്കെ എഫ്ബിയിലെഴുതിയിടാന്‍ നാണമാകുന്നില്ലെ.. സ്വന്തം മനസാക്ഷിയോടെങ്കിലും കുറ്റബോധം തോന്നുന്നില്ലെ.. വേലി തന്നെയാണല്ലോ വിളവ് തിന്നുന്നത് എന്നാണ് ഫൈസല്‍ മുഹമ്മദ് ചൂണ്ടിക്കാട്ടുന്നത്. എന്നാ പിന്നെ മറ്റേ ഐറ്റം എടുക്ക്, അതീവ ജാഗ്രതാ തിരുവാതിര എന്നിങ്ങനെ പോവുന്നു പരിഹാസം.

Tags:    

Similar News