കൊവിഡ്: രാജ്യത്ത് രോഗമുക്തി ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കില്‍
36,000ത്തിലേറെ പേര്‍ ആശുപത്രി വിട്ടു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനിടെ ആശ്വാസ വാര്‍ത്ത. രാജ്യത്ത് രോഗമുക്തി ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക് ഇന്ന് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,145 പേരാണ് ആശുപത്രി വിട്ടത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 8,85,576 ആയി. രോഗമുക്തി നിരക്ക് പുതിയ ഉയരങ്ങളിലെത്തി 64 ശതമാനത്തോട് അടുക്കുകയാണ്. നിലവില്‍ 63.92 ശതമാനം ആണ് രോഗമുക്തി നിരക്ക്. രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനംപ്രതി ഉയര്‍ന്ന് രോഗമുക്തി നേടിയവരും ചികില്‍സയിലുള്ളവരും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരുന്നുവെന്നാണ് ഇതുവഴി വ്യക്തമാവുന്നത്.
രോഗ മുക്തി നേടിയവരും ചികില്‍സയിലുള്ളവരും തമ്മിലുള്ള അന്തരം നാലുലക്ഷം കവിഞ്ഞു. നിലവില്‍ ഇത് 4,17,694 ആണ്. ചികില്‍സയില്‍ ഉള്ളവരേക്കാള്‍(നിലവില്‍ 4,67,882) 1.89 തവണ അധികമാണ് രോഗ മുക്തി നേടിയവരുടെ എണ്ണം. ആദ്യമായി ഒറ്റദിവസം 4,40,000 ത്തില്‍ അധികം കൊവിഡ് പരിശോധനകള്‍ എന്ന നേട്ടത്തിനും രാജ്യം ഇന്നെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,42,263 സാംപിളുകളാണ് പരിശോധിച്ചത്. അതിന്റെ ഫലമായി ദശലക്ഷത്തില്‍ പരിശോധനാ നിരക്ക്(ടിപിഎം) 11,805 ആയി വര്‍ധിപ്പിക്കാനായി. രാജ്യത്ത് ആകെ 1,62,91,331 സാംപിളുകളാണ് പരിശോധിച്ചത്. ആദ്യമായി ഒറ്റദിവസം പരിശോധനയില്‍ സര്‍ക്കാര്‍ ലാബുകള്‍ സര്‍വകാല റെക്കോര്‍ഡ് കൈവരിച്ചു. 3,62,153 സാംപിളുകളാണ് പരിശോധിച്ചത്. 79,878 പരിശോധനകളിലൂടെ സ്വകാര്യ ലാബുകളും പുതിയ ഉയരത്തിലെത്തി. കൂട്ടായ ശ്രമങ്ങളുടെ ഫലമായി രാജ്യത്തെ കൊവിഡ് മരണനിരക്കും കുറയുകയാണ്. നിലവില്‍ 2.31% ആണ് രാജ്യത്തെ മരണനിരക്ക്. ലോകത്തിലെ ഏറ്റവും കുറഞ്ഞ കൊവിഡ് മരണനിരക്കുകളില്‍ ഒന്ന് ഇന്ത്യയുടേതാണെന്നും അധികൃതര്‍ അറിയിച്ചു.
Covid: Highest daily rate of cure in the country