കൊവിഡ് പോസിറ്റീവായ ഗര്‍ഭിണികളെ തിരിച്ചയച്ചാല്‍ നടപടി; സ്വകാര്യ ആശുപത്രികള്‍ക്കു മുന്നറിയിപ്പുമായി കണ്ണൂര്‍ കലക്ടര്‍
വീഴ്ച വരുത്തുന്ന ആശുപത്രിക്കെതിരേ ദുരന്ത നിവാരണ നിയമത്തിലെ 51 മുതല്‍ 60 വരെ വകുപ്പുകള്‍ പ്രകാരവും കേരള പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരവും നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു
കൊവിഡ് പോസിറ്റീവായ ഗര്‍ഭിണികളെ തിരിച്ചയച്ചാല്‍ നടപടി;
കണ്ണൂര്‍: കൊവിഡ് പോസിറ്റീവാകുന്ന ഗര്‍ഭിണികള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ തുടര്‍ചികിത്സ നിഷേധിക്കരുതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു. ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടുന്ന ഗര്‍ഭിണികളെ കൊവിഡ് പോസിറ്റീവ് ആയാല്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റുന്ന പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഉത്തരവ്. ഗര്‍ഭിണികള്‍ കൊവിഡ് ബാധിതരായാലും അവര്‍ക്കുള്ള തുടര്‍ ചികില്‍സ സ്വകാര്യ ആശുപത്രികള്‍ തന്നെ നല്‍കേണ്ടതാണെന്നും ഒരു സാഹചര്യത്തിലും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ശുപാര്‍ശ ചെയ്യരുതെന്നും ജില്ലാ കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.
ജില്ലയില്‍ നടക്കുന്ന പ്രസവങ്ങളില്‍ ഭൂരിഭാഗവും നടക്കുന്നത് സ്വകാര്യ ആശുപത്രികളിലാണ്. ഇവിടങ്ങളില്‍ ചികില്‍സിച്ചു വരുന്ന ഗര്‍ഭിണികള്‍ കൊവിഡ് പോസിറ്റീവാകുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് അയച്ചാല്‍ അത് ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികള്‍ക്ക് മികച്ച ചികില്‍സ നല്‍കുന്നതിന് തടസ്സമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ആശുപത്രിക്കെതിരേ ദുരന്ത നിവാരണ നിയമത്തിലെ 51 മുതല്‍ 60 വരെ വകുപ്പുകള്‍ പ്രകാരവും കേരള പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരവും നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Covid: Kannur Collector warns private hospitals