പിണറായിയും കോടിയേരിയും എസ്ആര്‍പിയും ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്റൈനില്‍
ഞാറയാഴ്ച നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് മന്ത്രി തോമസ് ഐസക്കിനു കൊവിഡ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: ധനമന്ത്രി ഡോ. തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയും ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. കൊവിഡ് ബാധിതനായ തോമസ് ഐസക്കിനോടൊപ്പം സപ്തംബര്‍ നാലിനു നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്തതിനാലാണ് ഇവരെല്ലാം കൂട്ടത്തോടെ ക്വാറന്റെനില്‍ പ്രവേശിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമായതിനാല്‍ പങ്കെടുത്ത 18ഓളം മുതിര്‍ന്ന നേതാക്കളും ക്വാറന്റൈനില്‍ പോവേണ്ടി വരും.
ഞാറയാഴ്ച നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് മന്ത്രി തോമസ് ഐസക്കിനു കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്നാണ് ഇക്കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അദ്ദേഹത്തോടൊപ്പം പങ്കെടുത്ത നേതാക്കളോടും എകെജി സെന്ററില്‍ മന്ത്രിയോട് സമ്പര്‍ക്കം പുലര്‍ത്തിയ പ്രവര്‍ത്തകരോടും ജീവനക്കാരോടും ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയത്.
പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പുറമെ, പി കരുണാകരന്‍, പി കെ ശ്രീമതി, ഇ പി ജയരാജന്‍, എളമരം കരീം, എം വി ഗോവിന്ദന്‍, ബേബി ജോണ്‍, ആനത്തലവട്ടം ആനന്ദന്‍, ടി പി രാമകൃഷ്ണന്‍, എം എം മണി, കെ ജെ തോമസ്, കെ എന്‍ ബാലഗോപാല്‍, പി രാജീവ് എന്നിവരും നിലവില്‍ തിരുവനന്തപുരത്തുള്ള പിബി അംഗം എസ് രാമചന്ദ്രന്‍പിള്ളയും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി കെ കെ ശൈലജയും കെ രാധാകൃഷ്ണനും സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്തിരുന്നു. നേരത്തേ സ്വയം നിരീക്ഷണത്തില്‍ പോയ മന്ത്രി എ കെ ബാലനും സെക്രട്ടേറിയറ്റില്‍ പങ്കെടുത്തിരുന്നില്ല. കേന്ദ്രകമ്മിറ്റി അംഗവും വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം സി ജോസഫൈനും യോഗത്തിനെത്തിയിരുന്നില്ല.
Covid: Kerala CPM leaders in quarrantine