ഏപ്രില്‍ ഒന്ന് മുതല്‍ ബംഗളൂരുവില്‍ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
കഴിഞ്ഞ നാലുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കായ 1,400 കൊവിഡ് കേസുകള്‍ ഇന്ന് നഗരത്തില്‍ റിപോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണമെന്ന് മന്ത്രി ഡോ. കെ സുധാകര്‍ അറിയിച്ചു. വൈറസ് ബാധിതരെ തിരിച്ചറിയാന്‍ രോഗികളുടെ കൈകളില്‍ സ്റ്റാമ്പ് പതിപ്പിക്കാനും തീരുമാനിച്ചു.
ബംഗളൂരു: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ ബംഗളൂരുവിലേക്ക് പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ നാലുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കായ 1,400 കൊവിഡ് കേസുകള്‍ ഇന്ന് നഗരത്തില്‍ റിപോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണമെന്ന് മന്ത്രി ഡോ. കെ സുധാകര്‍ അറിയിച്ചു.
വൈറസ് ബാധിതരെ തിരിച്ചറിയാന്‍ രോഗികളുടെ കൈകളില്‍ സ്റ്റാമ്പ് പതിപ്പിക്കാനും തീരുമാനിച്ചു. അടച്ചിട്ട സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ 200 ലധികം പേരെ പങ്കെടുപ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ഡോ. സുധാകര്‍ പറഞ്ഞു. തുറസ്സായ സ്ഥലങ്ങളില്‍ 500 പേര്‍ക്ക് പരിപാടികളില്‍ പങ്കെടുക്കാമെന്നും പരിധി നിശ്ചയിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ആളുകള്‍ നടക്കുന്ന സ്ഥലങ്ങളും പൊതുസ്ഥലങ്ങളും ശുചീകരിക്കും. കിടക്കകളുടെയും ഐസിയുവുകളുടെയും ലഭ്യത സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കും.
അതിവേഗം പടരുന്ന ജനിതകമാറ്റം സംഭവിച്ച പുതിയ കൊവിഡ് വകഭേദത്തിനെതിരേ മന്ത്രി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അതിനാല്‍, അടുത്ത രണ്ടുമാസത്തേയ്ക്ക് ജാഗ്രത പാലിക്കണം. രോഗം ബാധിച്ച ഓരോ വ്യക്തികളുടെയും സമ്പര്‍ക്കപട്ടികയിലുള്ള 20 പേരെ കണ്ടെത്തിയാണ് നിരീക്ഷണം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ബംഗളൂരുവില്‍ കൊവിഡ് പ്രതിരോധത്തിനായി 400 കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഞങ്ങള്‍ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കും.
കൊവിഡ് ചികില്‍സയ്ക്കായി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചെസ്റ്റ് ഡിസീസ് (ആര്‍ജിഐസിഡി), ബൗറിങ് ഹോസ്പിറ്റല്‍, ചാരക ഹോസ്പിറ്റല്‍ എന്നീ ആശുപത്രികളുടെ സേവനവും ഉപയോഗപ്പെടുത്തും. വന്‍തോതില്‍ വ്യാപനമുണ്ടായാല്‍ സ്വകാര്യാശുപത്രികളോട് സജ്ജരായിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡോ. സുധാകര്‍ കൂട്ടിച്ചേര്‍ത്തു.