കൊവിഡ്: രാജ്യത്ത് സാമൂഹിക വ്യാപനം; സാഹചര്യം അതീവ ഗുരുതരമെന്നും ഐഎംഎ
രാജ്യത്ത് സാമൂഹിക വ്യാപനം ആരംഭിച്ചതായും സ്ഥിതി ഗുരുതരമാണെന്നും ഐഎംഎ ഐഎംഎ ഭാരവാഹി ഡോ. വികെ മോംഗയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപോര്‍ട്ട് ചെയ്തത്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുതുതായി 34,000 കൊവിഡ് 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും മൊത്തം കേസുകളുടെ എണ്ണം 10.38 ലക്ഷം കവിഞ്ഞതായും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). രാജ്യത്ത് സാമൂഹിക വ്യാപനം ആരംഭിച്ചതായും സ്ഥിതി ഗുരുതരമാണെന്നും ഐഎംഎ ഐഎംഎ ഭാരവാഹി ഡോ. വികെ മോംഗയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപോര്‍ട്ട് ചെയ്തത്.
'ഇപ്പോള്‍ ക്രമാതീതമായ വളര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നത്. ഓരോ ദിവസവും കേസുകളുടെ എണ്ണം 30,000 ത്തിലധികം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഈ അവസ്ഥ രാജ്യത്തിന് മോശമാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ഘടകങ്ങളുണ്ട്, പക്ഷേ മൊത്തത്തില്‍ ഇപ്പോള്‍ ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇത് മോശം സൂചനയാണെന്നും സാമൂഹിക വ്യാപനത്തെയാണ് ഇത് കാണിക്കുന്നതെന്നും ഡോ. വികെ മോംഗ മുന്നറിയിപ്പ് നല്‍കി.
രാജ്യത്ത് കൊവിഡിന്റെ സാമൂഹി വ്യാപനമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതിനിടെയാണ് ഐഎംഎ ഭാരവാഹിയുടെ ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.
യുഎസിനും ബ്രസീലിനും പിന്നാലെ ലോകത്ത് ഏറ്റവും കൂടുതല്‍ മൂന്നാമത്തെ കൊവിഡ് 19 കേസുകള്‍ ഇന്ത്യയിലാണുള്ളത്.
ഇന്ത്യയില്‍ ഇതുവരെ 10,38,716 കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതായും ഇതില്‍ 6,53,751 പേര്‍ സുഖം പ്രാപിച്ചതായും ഇന്ന് രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് 26,273 പേരാണ് മരിച്ചത്.
കൊവിഡ് കേസുകള്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ വ്യാപിക്കുകയാണെന്നും ഇത് നിന്ത്രിക്കാന്‍ ബുദ്ധിമുട്ടാണെന്നം ഐഎംഎ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹിയില്‍ തങ്ങള്‍ക്ക് ഇതു കൈകാര്യംചെയ്യാന്‍ സാധിച്ചെങ്കിലും മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഗോവ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രശ്‌നം ഗുരുതരമായിരിക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇവിടങ്ങളിലെ സംസ്ഥാന സര്‍ക്കാരുകള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ശ്രദ്ധ ചെലുത്തുകയും കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടണമെന്നും ഡോ. വികെ മോംഗ കൂട്ടിച്ചേര്‍ത്തു.