കൊവിഡ്: മൃതദേഹം സംസ്‌കരിക്കാന്‍ പോപുലര്‍ ഫ്രണ്ടിന് അനുമതി നല്‍കി പുതുച്ചേരി ഓള്‍ഗററ്റ് മുനിസിപ്പാലിറ്റിയും
ഈ മാസം ഒമ്പതിനാണ് ഇതു സംബന്ധിച്ച് അനുമതി നല്‍കി ഓള്‍ഗററ്റ് മുനിസിപ്പാലിറ്റി കമ്മീഷണര്‍ എം കന്ദസാമി ഉത്തരവ് പുറപ്പെടുവിച്ചത്.
പോണ്ടിച്ചേരി: മഹാരാഷ്ട്രയിലെ മുംബൈ, നാഗ്പൂര്‍ കോര്‍പ്പറേഷനുകള്‍ക്കു പിന്നാലെ കൊവിഡ് ബാധിതരായി മരിക്കുന്നവരുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കി പുതുച്ചേരിയിലെ ഓള്‍ഗററ്റ് മുനിസിപ്പാലിറ്റി. ഈ മാസം ഒമ്പതിനാണ് ഇതു സംബന്ധിച്ച് അനുമതി നല്‍കി ഓള്‍ഗററ്റ് മുനിസിപ്പാലിറ്റി കമ്മീഷണര്‍ എം കന്ദസാമി ഉത്തരവ് പുറപ്പെടുവിച്ചത്. കൊവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് സന്നദ്ധപ്രവര്‍ത്തകരുടെയും വാഹനങ്ങളുടെയും സേവനം നല്‍കാന്‍ പുതുച്ചേരിയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഏരിയാ പ്രസിഡന്റ് എ അഹമ്മദ് അലിക്ക് അനുമതി നല്‍കികൊണ്ടുള്ളതാണ് ഉത്തരവ്.
പുതുച്ചേരിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തോട് ആരോഗ്യ പ്രവര്‍ത്തകര്‍ അനാദരവ് കാട്ടിയ സംഭവം വന്‍ വിവാദമായതിനു പിന്നാലെ മൃതദേഹം സംസ്‌ക്കരിക്കുന്നതിന് അനുമതി തേടി പോപുലര്‍ഫ്രണ്ട് നേതൃത്വം അധികൃതരെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് അനുമതി നല്‍കികൊണ്ട് അധികൃതര്‍ ഉത്തരവിട്ടത്.
ടിഎന്‍ 04 എഎസ് 8629, ടിഎന്‍ 01 4563 എന്നീ രജിസ്‌ട്രേഷന്‍ നമ്പറുകളിലുള്ള വാഹനങ്ങള്‍ക്ക് ശരിയായ അംഗീകാരത്തോടെ ആശുപത്രി അധികൃതരില്‍ നിന്ന് മൃതദേഹങ്ങള്‍ സ്വീകരിക്കാമെന്നും അവ മുനിസിപ്പല്‍ അധികാരപരിധിയിലെ കബര്‍സ്ഥാനുകള്‍, ശ്മശാനങ്ങള്‍ എന്നിവയിലെത്തിച്ച് സംസ്‌ക്കരിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
സംസ്‌കാരം കഴിയുന്നത് വരെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ മുനിസിപ്പാലിറ്റി നല്‍കുന്ന പിപിഇകള്‍ (വ്യക്തിഗത പരിരക്ഷിത ഉപകരണങ്ങള്‍) നിര്‍ബന്ധമായും ധരിച്ചിരിക്കണം. മൃതദേഹം സംസ്‌കരിക്കുന്നത് മരണപ്പെട്ടയാളുടെ മതാചാര പ്രകാരം ആയിരിക്കണം, മൃതദേഹം വഹിച്ച വാഹനങ്ങള്‍ ശവസംസ്‌കാരം കഴിഞ്ഞ് അണുവിമുക്തമാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഓള്‍ഗററ്റ് മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ ഹെല്‍ത്ത് ഓഫിസര്‍ രൂപീകരിക്കുന്ന പ്രത്യേക സംഘമാണ് അണുനാശിനി ഉപയോഗിച്ച് വാഹനങ്ങള്‍ അണുവിമുക്തമാക്കേണ്ടതെന്നും ഉത്തരവില്‍ എടുത്തു പറയുന്നുണ്ട്.
പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ പോപുലര്‍ഫ്രണ്ട് നേതാക്കളായ എ അഹമ്മദ് അലി (7305017757), റഫീഖ് മന്‍സൂര്‍ (9894834882) എന്നിവരുടെ മൊബൈല്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്.
നേരത്തേ, മൃതദേഹം സംസ്‌കരിക്കുന്നതിന് പോപുലര്‍ ഫ്രണ്ടിനെ ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട് മുംബൈ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം എക്സിക്യൂട്ടീവ് ഹെല്‍ത്ത് ഓഫിസര്‍ ഡോ. പത്മജ കെസ്‌കര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പോപുലര്‍ഫ്രണ്ട് സന്നദ്ധസംഘം ഇതുവരെ മഹാരാഷ്ട്ര, കേരളം തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി 200ഓളം മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചിട്ടുണ്ട്.