പത്തു മന്ത്രിമാര്‍ക്കും 20 എംഎല്‍എമാര്‍ക്കും കൊവിഡ്; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി മഹാരാഷ്ട്ര
സംസ്ഥാനത്ത് പത്ത് മന്ത്രിമാര്‍ക്കും ഇരുപതിലേറെ എംഎല്‍എമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഇതു സംബന്ധിച്ച് സൂചന നല്‍കിയത്.
മുംബൈ: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി മഹാരാഷ്ട്ര.സംസ്ഥാനത്ത് പത്ത് മന്ത്രിമാര്‍ക്കും ഇരുപതിലേറെ എംഎല്‍എമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഇതു സംബന്ധിച്ച് സൂചന നല്‍കിയത്.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മഹാരാഷ്ട്രയില്‍ ഇരട്ടിയിലേറെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച 3900 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. എന്നാല്‍ വെള്ളിയാഴ്ച ഇത് 8067 ആയി കുതിച്ചുയര്‍ന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.
കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യമുണ്ടായാല്‍ സംസ്ഥാനം കടുത്ത നടപടികളിലേക്ക് പോകുമെന്ന് അജിത് പവാര്‍ വ്യക്തമാക്കി. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നിയമസഭാ സമ്മേളനം വെട്ടിക്കുറച്ചു. ഇതുവരെ 10 മന്ത്രിമാര്‍ക്കും 20ലധികം എംഎല്‍എമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പുതിയ സാഹചര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും ബോധ്യമുണ്ടാകണം. അതിനാല്‍ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിയന്ത്രണം ശക്തമാക്കി. വിവാഹം, സാമൂഹിക സാംസ്‌കാരിക പരിപാടികള്‍, മതപരമായ ചടങ്ങ്, രാഷ്ട്രീയ പരിപാടികള്‍ എന്നിവയില്‍ 50 പേരില്‍ കൂടുതല്‍ കൂടാന്‍ പാടില്ല. സംസ്‌കാര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ മഹാരഷ്ട്രയാണ് മുന്നില്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് 1413 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ആര്‍ടിപിസിആര്‍ പരിശോധനകള്‍ ഫലം ലഭിക്കാന്‍ വൈകുന്നതിനാല്‍ ആന്റിജന്‍ ടെസ്റ്റുകള്‍, സെല്‍ഫ് ടെസ്റ്റിങ് കിറ്റുകള്‍ എന്നിവ ഉപയോഗിച്ചുള്ള പരിശോധനകള്‍ സംസ്ഥാനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്ത് നല്‍കി. ചുമ, തലവേദന, തൊണ്ടവേദന, ശ്വാസതടസം, ശരീരവേദന, രുചിയും മണവും നഷ്ടമാകുന്ന അവസ്ഥ, ക്ഷീണം, വയറിളക്കം, പനി എന്നീ ലക്ഷണങ്ങളുള്ളവര്‍ എല്ലാവരും പരിശോധനകള്‍ക്ക് വിധേയമാകണമെന്ന് സംസ്ഥാനങ്ങള്‍ക്ക് വെള്ളിയാഴ്ച കൈമാറിയ കത്തില്‍ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. കൊവിഡിന്റെ ലക്ഷണങ്ങളായതിനാല്‍ നിര്‍ബന്ധമായും പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.