24 മണിക്കൂറിനിടെ ഏഴുലക്ഷം കേസുകള്‍; ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 14.19 കോടി കടന്നു

9,418 മരണങ്ങളും ഒറ്റദിവസം റിപോര്‍ട്ട് ചെയ്തു. ഇതുവരെ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത് 30.32 ലക്ഷം പേരാണ്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, യുകെ, തുര്‍ക്കി, ഇറ്റലി, സ്‌പെയിന്‍, ജര്‍മനി, അര്‍ജന്റീന, പോളണ്ട്, കൊളംബിയ, മെക്‌സിക്കോ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളാണ് രോഗവ്യാപനം കൂടുതലുള്ളവയുടെ പട്ടികയില്‍ ആദ്യ പതിനഞ്ചിലുള്ളത്.

Update: 2021-04-19 02:11 GMT

വാഷിങ്ടണ്‍: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി ഏഴുലക്ഷത്തോളം പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 14,19,99,278 ആയി. 9,418 മരണങ്ങളും ഒറ്റദിവസം റിപോര്‍ട്ട് ചെയ്തു. ഇതുവരെ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത് 30.32 ലക്ഷം പേരാണ്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും ചേര്‍ന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, യുകെ, തുര്‍ക്കി, ഇറ്റലി, സ്‌പെയിന്‍, ജര്‍മനി, അര്‍ജന്റീന, പോളണ്ട്, കൊളംബിയ, മെക്‌സിക്കോ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളാണ് രോഗവ്യാപനം കൂടുതലുള്ളവയുടെ പട്ടികയില്‍ ആദ്യ പതിനഞ്ചിലുള്ളത്.

കൊവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയാവട്ടെ 95ാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. ജനിതകമാറ്റം സംഭവിച്ച വൈറസ് വകഭേദങ്ങള്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് രണ്ടാം തരംഗം രൂക്ഷമായത്. ആദ്യ വൈറസിനേക്കാള്‍ തീവ്ര വ്യാപനമുള്ളതുകൊണ്ടുതന്നെ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ടാണ് രോഗികളുടെ എണ്ണവും മരണവും ഇത്രയും വര്‍ധിച്ചത്. ലോകത്ത് തകൊവിഡിന്റെ പിടിയില്‍നിന്ന് മുക്തരായത് 12,06,95,661 പേരാണ്. 1,82,70,755 രോഗികള്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുന്നു. ഇതില്‍ 1,07,439 പേരുടെ നില ഗുരുതരവുമാണ്. കൊവിഡ് വ്യാപനത്തില്‍ മുന്നിലുള്ള അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 43,174 പേര്‍ക്കാണ് വൈറസ് പോസിറ്റീവായത്.

ആകെ രാജ്യത്ത് 3,24,04,454 വൈറസ് ബാധിതരുണ്ടെന്നാണ് കണക്ക്. 5,81,061 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. 2,49,61,229 പേരുടെ രോഗം ഭേദമായി. 68,62,164 പേര്‍ ചികില്‍സയില്‍ കഴിയുന്നു. ഇതില്‍ 9,814 പേരുടെ നില ഗുരുതരവുമാണ്. പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യയിലാവട്ടെ പ്രതിദിന രോഗികളുടെ എണ്ണം അമേരിക്കയേക്കാള്‍ അഞ്ചിരട്ടിയോളമാണ്. ഒറ്റദിവസം മാത്രം ഇന്ത്യയില്‍ 2.75 ലക്ഷം പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. വാക്‌സിനേഷന്‍ നടക്കുമ്പോഴും രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ 1,50,57,767 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 1,78,793 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

ആഗോളവ്യാപകമായി 24 രാജ്യങ്ങളില്‍ കൊവിഡ് ബാധിതര്‍ ഒരുലക്ഷത്തിനും മുകളിലാണെന്നാണ് കണക്കുകള്‍. രോഗവ്യാപനം കൂടുതലുള്ള വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്: രാജ്യം, ആകെ രോഗികളുടെ എണ്ണം, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: അമേരിക്ക- 3,24,04,454 (5,81,061), ഇന്ത്യ- 1,50,57,767 (1,78,793), ബ്രസീല്‍- 1,39,43,071 (3,73,442), ഫ്രാന്‍സ്- 52,89,526 (1,00,733), റഷ്യ- 47,02,101 (1,05,582), യുകെ- 43,87,820 (1,27,270), തുര്‍ക്കി- 42,68,447 (35,926), ഇറ്റലി- 38,70,131 (1,16,927), സ്‌പെയിന്‍- 34,07,283 (76,981), ജര്‍മനി- 31,51,030 (80,591).

Tags:    

Similar News