സംരക്ഷണം പശുക്കള്‍ക്കു മാത്രം, മനുഷ്യര്‍ക്കില്ല; ഡല്‍ഹി അക്രമത്തില്‍ രൂക്ഷവിമര്‍ശനവുമായി കപില്‍ സിബല്‍

അക്രമം കാട്ടിയത് ആരാണെന്ന് അറിയാമായിരുന്നിട്ടും അവര്‍ക്കെതിരേ കേസെടുത്തിട്ടില്ല.

Update: 2020-03-12 13:35 GMT

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന സംഘപരിവാര അക്രമങ്ങളില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കപില്‍ സിബല്‍. ജനങ്ങളുടെ സുരക്ഷയ്ക്കല്ല, പശുക്കളുടെ സുരക്ഷയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാര്‍ പാവങ്ങളെ ശിക്ഷിക്കുകയും കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുകയാണെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.

എന്താണ് സംഭവിക്കുകയെന്ന് ഞങ്ങള്‍ക്കറിയാം. അക്രമം കാട്ടിയത് ആരാണെന്ന് അറിയാമായിരുന്നിട്ടും അവര്‍ക്കെതിരേ കേസെടുത്തിട്ടില്ല. നിങ്ങള്‍ യാതൊരു തെറ്റും ചെയ്യാത്തവരെ ശിക്ഷിക്കും. കുറ്റക്കാരായവരെ സംരക്ഷിക്കുകയും ചെയ്യും. അങ്ങനെ സംഭവിക്കാന്‍ അനുവദിക്കില്ല. നിങ്ങള്‍ എന്താണ് മറുപടി പറയാന്‍ പോകുന്നതെന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ ചരിത്രം തപ്പിനോക്കി, കോണ്‍ഗ്രസ് അത് ചെയ്തു, ഇതു ചെയ്തു എന്നൊക്കെ നിങ്ങള്‍ പറയും. എന്നാല്‍, കലാപത്തെക്കുറിച്ചു മാത്രം ചര്‍ച്ചചെയ്യില്ല, കപില്‍ സിബല്‍ പറഞ്ഞു.

അക്രമത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ സര്‍ക്കാര്‍ ഉറപ്പായും നടപടിയെടുക്കുമെന്നും കുറ്റക്കാരെ വെറുതെവിടില്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടിയായി പറഞ്ഞു. കലാപവുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനമാണ് പോലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അമിത് ഷാ പറഞ്ഞു.

രണ്ടാം ദിവസമാണ് ഡല്‍ഹി സംഘപരിവാര അക്രമവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുന്നത്. കഴിഞ്ഞ ദിവസം ലോക്‌സഭയിലും ഈ വിഷയത്തില്‍ ചര്‍ച്ച നടന്നിരുന്നു. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് നടന്ന കലാപങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ബിജെപി അംഗങ്ങള്‍ നേരിട്ടത്. 

Tags:    

Similar News