സിപിഐയ്ക്ക് ബോധോദയമുണ്ടായതില്‍ സന്തോഷം; കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ തയ്യാറെങ്കില്‍ സ്വാഗതമെന്നും കെ സുധാകരന്‍
കണ്ണൂര്‍: സിപിഎമ്മിനൊപ്പം നിന്ന് ഇത്രയും കാലം പ്രവര്‍ത്തിച്ച സിപിഐയ്ക്ക് ഇപ്പോഴെങ്കിലും ബോധോദയമുണ്ടായതില്‍ ഏറെ സന്തോഷമുണ്ടെന്നും പാര്‍ട്ടി ഭീകരതയ്‌ക്കെതിരേ കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടത്തിനൊപ്പം നില്‍ക്കാന്‍ സിപിഐ തയ്യാറുണ്ടെങ്കില്‍ സ്വാഗതം ചെയ്യുന്നുവെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പാര്‍ട്ടി ഗ്രാമങ്ങളിലെ ക്രമിനലിസവും ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് താവളമൊരുക്കുന്നതുമെല്ലാം ഞങ്ങള്‍ നേരത്തെ പറയുന്ന കാര്യമാണ്. സിപിഐയ്ക്ക് ഇപ്പോഴെങ്കിലും അവരുടെ ചെയ്തികള്‍ ബോധ്യപ്പെട്ടത് സുകൃതമാണ്. ഭരണകൂട പിന്തുണയോടെ ക്രിമിനലുകള്‍ വിളയാടുകയാണ്. ഒരു കൊലക്കേസ് പ്രതിയാണ് ജയിലുകളില്‍ വിഹരിക്കുന്നത്. ജയിലില്‍ ലക്ഷ്വറി ജീവിതമാണ് അയാള്‍ നടത്തുന്നത്. ഇതിന് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നത് സിപിഎമ്മും ഭരണകൂടവുമാണെന്ന് പകല്‍ പോലെ വ്യക്തമാണെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ അടിച്ചുതകര്‍ക്കുകയും കൃഷി നശിപ്പിക്കുകയും കിണറില്‍ മാലിന്യം നിക്ഷേപിക്കുകയും ചെയ്യും. സിപിഎമ്മിനെതിരേ ശബ്ദിച്ചാല്‍ അവരെ നിശബ്ദമാക്കുന്നതും എത്രയോ കാലം കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുഭവിച്ച ദുരിതങ്ങളാണ്. അവരുടെ അക്രമങ്ങള്‍ അതിജീവിച്ചാണ് ഇപ്പോഴും കോണ്‍ഗ്രസ് ധീരമായി മുന്നോട്ടുപോവുന്നതെന്നും കെ സുധാകരന്‍ എംപി കണ്ണൂരില്‍ പറഞ്ഞു.
CPI is ready to stand with Congress, is welcome: K Sudhakaran