സിപിഐയുടെ പ്രധാന വകുപ്പുകൾ സിപിഎം പിടിച്ചെടുത്തു; കൊല്ലം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിന് രൂക്ഷ വിമർശനം

നിലവിലെ നാല് മന്ത്രിമാരും പാടേ പരാജയമാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

Update: 2022-08-18 18:17 GMT

കൊല്ലം: സിപിഐയുടെ കയ്യിലുണ്ടായിരുന്ന പ്രധാന വകുപ്പുകൾ സിപിഎം പിടിച്ചെടുത്തുവെന്നും എൽഡിഎഫിലെ ചെറിയ പാർട്ടികൾക്ക് നൽകിയെന്നും സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. നിലവിലെ നാല് മന്ത്രിമാരും പാടേ പരാജയമാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. സംസ്ഥാന നേതൃത്വത്തിനെതിരേ കടുത്ത വിമർശനമാണ് പ്രതിനിധി ചർച്ചയിൽ നേരിടേണ്ടി വന്നത്.

പ്രധാനപ്പെട്ട പുതിയ വകുപ്പുകൾ സിപിഐ സംസ്ഥാന നേതൃത്വം ചോദിച്ച് വാങ്ങുന്നില്ല. സിപിഐയുടെ മന്ത്രിമാരെ മുഖ്യമന്ത്രി പിണറായി വിജയൻ അവഗണിക്കുകയാണെന്നും ഉദ്യോഗസ്ഥ നിയമനം അടക്കം ചോദ്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുന്നില്ലെന്നും വിമർശനമുയർന്നു. ആദ്യമായി മന്ത്രി ആയത് കൊണ്ടാണ് കാര്യങ്ങൾ അറിയാത്തതെന്ന് പറയുന്നുവെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.

ഇടത് മന്ത്രിസഭ അധികാരത്തിലിരിക്കുമ്പോൾ സിപിഐ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണം. ഒന്നോ രണ്ടോ വർഷത്തേക്ക് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണമെന്നാണ് സമ്മേളനത്തിലെ ചർച്ചയിൽ പ്രതിനിധികൾ ആവശ്യമുയർത്തിയത്.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ വീഴ്ച ഉണ്ടായിട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം മുന്നേറ്റമുണ്ടാക്കിയെന്നും എന്നാൽ സിപിഐക്ക് സീറ്റ് കുറഞ്ഞെന്നും വിലയിരുത്തിയ സമ്മേളനം ഇത് നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് വിമർശിച്ചു. ശബരിമല വിഷയത്തിൽ മുന്നണിക്ക് തെറ്റ് പറ്റിയെന്നും ലോക്സഭ തിരഞ്ഞടുപ്പിന്റെ തോൽവിക്ക് പിന്നാലെയാണ് ഇക്കാര്യത്തിൽ സിപിഎമ്മിന് ബോധോദയം ഉണ്ടായതെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. 

Similar News