ആദിവാസി ഭവന നിർമാണ ഫണ്ട് തട്ടിയെടുത്ത കേസിൽ സിപിഐ നേതാവ് അറസ്റ്റിൽ
സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയംഗം പിഎം ബഷീറിനെയാണ് ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
അഗളി: ആദിവാസികളുടെ ഭവന നിർമാണ ഫണ്ട് തട്ടിയെടുത്ത കേസിൽ സിപിഐ നേതാവ് അറസ്റ്റിൽ. അഗളി ഭൂതിവഴിയൂരിലെ കലാമണിയുടെ പരാതിയിൻമേലാണ് അറസ്റ്റ്. സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയംഗം പിഎം ബഷീറിനെയാണ് ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
തട്ടിപ്പിനിരയായ ആദിവാസികളുടെ പരാതിയെ തുടർന്നാണ് പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസ് എടുത്തത്. അട്ടപ്പാടി ഭൂതിവഴി ഊരിലെ കലാമണിയുടെ പരാതിയിൽ ജൂലൈ മാസം 31നാണ് കേസെടുത്തത്. എന്നാൽ കേസെടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും രാഷ്ട്രീയ ഇടപെടലിനേത്തുടർന്ന് അറസ്റ്റ് രേഖപ്പെടുത്താൻ പോലിസ് തയ്യാറായിരുന്നില്ലെന്ന ആക്ഷേപം ശക്തമായിരുന്നു.
പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം 3(2)v പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമം 406, 420 വകുപ്പുകൾ ചുമത്തിയുമാണ് കേസെടുത്തിരുന്നത്. എന്നാൽ ഹൈക്കോടതി ഇടപെട്ട് പരാതി പ്രകാരമുള്ള പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തിയത് പോലിസിന് തിരിച്ചടിയായിരിന്നു.
13,62500 രൂപ തട്ടിയതായാണ് പോലിസ് എഫ്‌ഐആറിൽ പറയുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ അനുവദിച്ച തുക ലഭിക്കണമെങ്കിൽ ബാങ്ക് അകൗണ്ട് ആധാറുമായി ലിങ്ക് ചെയ്യണം എന്ന് പറഞ്ഞു പണം പിൻവലിക്കാനുള്ള ഫോറത്തിൽ ഒപ്പ് വാങ്ങിയാണ് തട്ടിപ്പ് നടത്തിയതെന്നും പോലിസ് പറയുന്നു. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ സിപിഐ നേതൃത്വം തയാറായില്ല.