ആസിഫ് ഖാന്റെ കൊലയാളികള്‍ക്കെതിരേ നടപടിയെടുക്കണം: ഹരിയാന മുഖ്യമന്ത്രിക്ക് കത്തയച്ച് സിപിഎം

നൂഹിലെ ആസിഫ് ഖാന്റെ കുടുംബത്തെ വൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലുള്ള സിപിഎം പ്രതിനിധി സംഘം സന്ദര്‍ശിച്ചതിനു പിന്നാലെയാണ് അവര്‍ മുഖ്യമന്ത്രി ഖട്ടാറിന് കത്തയച്ചത്.

Update: 2021-06-17 08:04 GMT

ന്യൂഡല്‍ഹി: മേവാത്തില്‍ 27കാരനായ ആസിഫ് ഖാനെന്ന മുസ്‌ലിം യുവാവിനെ ക്രൂരമായി തല്ലിക്കൊന്ന കേസിലെ നാലു പ്രതികളെ മോചിപ്പിച്ച ഹരിയാന പോലിസ് നടപടിക്കെതിരേ സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ എംപിയുമായ വൃന്ദ കാരാട്ട് ഹരിയാന മുഖ്യമന്ത്രി മഹോര്‍ ലാല്‍ ഖട്ടറിന് കത്തയച്ചു.

കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ പ്രദേശത്ത് 'ഹിന്ദു മഹാപഞ്ചായത്ത്' എങ്ങനെ, എന്തുകൊണ്ട് അനുവദിച്ചുവെന്ന് അവര്‍ കത്തില്‍ ചോദിച്ചു. കേസില്‍ പ്രതികള്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കാനും അവര്‍ ആവശ്യപ്പെട്ടു. നൂഹിലെ ആസിഫ് ഖാന്റെ കുടുംബത്തെ വൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലുള്ള സിപിഎം പ്രതിനിധി സംഘം സന്ദര്‍ശിച്ചതിനു പിന്നാലെയാണ് അവര്‍ മുഖ്യമന്ത്രി ഖട്ടാറിന് കത്തയച്ചത്.

കുടുംബത്തിന് എല്ലാ സഹായവും ഉറപ്പ് നല്‍കിയ പ്രതിനിധി സംഘം ജില്ലാ മജിസ്‌ട്രേറ്റ് ശക്തി സിങ്ങിനെ സന്ദര്‍ശിച്ച് മെമ്മോറാണ്ടം സമര്‍പ്പിക്കുകയും ചെയ്തു. ആസിഫിനെ ക്രൂരമായി കൊലപ്പെടുത്തിയതിനെക്കുറിച്ചും ഹരിയാന പോലീസിന്റെ നടപടിയെക്കുറിച്ചും കടുത്ത ആശങ്ക പ്രകടിപ്പിച്ച വൃന്ദ മുഖ്യമന്ത്രി ഖട്ടാറിനോട് പ്രതികളെയും ഹിന്ദു മഹാപഞ്ചായത്തിന്റെ സംഘാടകരെയും സാമുദായിക വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയവരെയും അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു.

കൗമാരക്കാരനായ ഹാഫിസ് ജുനൈദിനെ തല്ലിക്കൊന്ന കേസിലെ പ്രധാന പ്രതി നരേഷിന് ജാമ്യം അനുവദിച്ച കോടതി നടപടി റദ്ദാക്കാന്‍ അപ്പീല്‍ നല്‍കണമെന്നും അവര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Tags:    

Similar News