സിപിഎം പ്രതിഷേധത്തിന് നേരെ ബിജെപി ആക്രമണം; എംഎല്‍എ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്
സമരത്തിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനമേതുമില്ലാതെ അക്രമം നടത്തുകയായിരുന്നെന്ന് സിപിഎം ആരോപിച്ചു.
അഗര്‍ത്തല: ത്രിപുരയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷര്‍ഷത്തില്‍ സിപിഎം എംഎല്‍എ സുധന്‍ ദാസ് അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ധന വിലക്കയറ്റത്തിനെതിരേയാണ് സിപിഎം രാജ്‌നഗറില്‍ സംഘടിപ്പിച്ച സമരത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഇതിന് എതിര്‍വശത്തായി ബിജെപിയും പരിപാടി സംഘടിപ്പിച്ചിരുന്നു. സമരത്തിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനമേതുമില്ലാതെ അക്രമം നടത്തുകയായിരുന്നെന്ന് സിപിഎം ആരോപിച്ചു.
ആക്രമണത്തില്‍ സാരമായി പരിക്കേറ്റ എംഎല്‍എ സുധന്‍ദാസിനെ മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ സന്ദര്‍ശിച്ചു. കേന്ദ്രസര്‍ക്കാരിനെതിരായ സമരത്തില്‍ നൂറ് കണക്കിനാളുകളാണ് അണിനിരന്നത്. സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയതോടെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. എംഎല്‍എയെയും പരിക്കേറ്റ മറ്റ് പ്രവര്‍ത്തകരെയും അഗര്‍ത്തല ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെന്ന് സിപിഎം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അനുമതിയില്ലാതെയാണ് ഇരുപാര്‍ട്ടികളും പരിപാടി സംഘടിപ്പിച്ചതെന്ന് പോലിസ് വ്യക്തമാക്കി.