സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമമെന്ന് സിപിഎം
തിരുവനന്തപുരം: തിരുവല്ലയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി സന്ദീപിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. നാടിനെ നടുക്കിയ കൊലപാതകമാണ് നടന്നിട്ടുള്ളത്. ആര്‍എസ്എസിന്റെ കൊലക്കത്തിക്കിരയായി സിപിഎം പ്രവര്‍ത്തകര്‍ നിരന്തരം രക്തസാക്ഷികളാവുകയാണ്. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമം. സിപിഐ എമ്മിന്റെ കേഡര്‍മാരെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത നീക്കം കൊലപാതകത്തിന് പിന്നിലുണ്ട്. സംഭവത്തിനു പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണം. ആര്‍എസ്എസ് സൃഷ്ടിക്കുന്ന പ്രകോപനത്തില്‍ കുടുങ്ങാതെ സംസ്ഥാന വ്യാപകമായി ഹീന കൊലപാതത്തിലുള്ള ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരാന്‍ മുഴുവനാളുകളും തയ്യാറാവണം.
സമഗ്രമായ അന്വേഷണം നടത്തി മുഴുവന്‍ പ്രതികളേയും പിടികൂടി അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.