ഏക സിവില്‍കോഡിനെതിരേ സിപിഎം പ്രക്ഷോഭത്തിലേക്ക്; സമസ്തയെ ക്ഷണിക്കുമെന്ന് എം വി ഗോവിന്ദന്‍
തിരുവനന്തപുരം: രാജ്യത്ത് ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും പൗരത്വഭേദഗതി നിയമത്തിന് എതിരേ നടത്തിയതുപോലുള്ള പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ സ്‌നേഹിക്കുന്ന എല്ലാവരും ഏക സിവില്‍ കോഡിനെതിരേ ഒന്നിക്കണം. പ്രതിഷേധ പരിപാടിയിലേക്ക് സമസ്തയെ ക്ഷണിക്കും. പ്രക്ഷോഭത്തില്‍ മുസ് ലിം ലീഗിനും സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള നീക്കത്തിന്റ ഭാഗമാണിത്. ഇന്ത്യയുടെ ബഹുസ്വരത ഇല്ലാതാക്കാനാണ് സംഘപരിവാരം ശ്രമിക്കുന്നത്. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് സെമിനാര്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജി ശക്തിധരന്റെ ആരോപണം സ്വയം എരിഞ്ഞടങ്ങുമെന്ന് പറഞ്ഞ എം വി ഗോവിന്ദന്‍, വിവാദം എറ്റെടുക്കാന്‍ സിപിഎം ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. ശക്തിധരന്റെ ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവിനെയും സുധാകരനെയും വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സുധാകരനെകുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. അദ്ദേഹത്തിനെതിരേ നിരവധി കൊലപാതക കേസുകളും വധശ്രമ കേസുകളും നിലനില്‍ക്കുന്നുണ്ട്. മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് എസ്എഫ്‌ഐക്കെതിരായ വേട്ട ശക്തിപ്പെട്ടുവരികയാണ്. ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്‌ക്കെതിരെ വന്ന വ്യാജ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്ക് അവസാനിപ്പിക്കേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു. ചില ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ച് പ്രസ്ഥാനത്തിനെതിരേ വലിയ കടന്നാക്രമണങ്ങളുണ്ടായി. തെറ്റായ ഒരു നിലപാടിനോടും സിപിഎം വിട്ടുവീഴ്ച ചെയ്യില്ലെന്ന് അന്ന് വ്യക്തമാക്കിയതാണ്. ഉന്നതവിദ്യാഭ്യാസ മേഖലയെ കേന്ദ്രീകരിച്ചുള്ള വികസന പദ്ധതികളാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ ഉണ്ടായിരുന്നത്. സംസ്ഥാനത്ത് സിപിഎമ്മിനും ഇടതുപക്ഷ പ്രസ്ഥാനത്തിനുമെതിരേ ആസൂത്രിതമായ പ്രചാരണങ്ങള്‍ സംഘടിപ്പിക്കാന്‍ ഇവന്റ് മാനേജ്‌മെന്റ് സംവിധാനം രൂപപ്പെട്ടിരിക്കുന്നു. ഇത് കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും നേതൃത്വത്തിലാണ്. ഇവര്‍ സൃഷ്ടിക്കുന്ന വാചകങ്ങളാണ് വലതുപക്ഷ ശക്തികളുടെ പോസ്റ്ററുകളില്‍ പോലും നിറയുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളുടെ തട്ടിപ്പ് കേസുകള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയാവുന്നില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തട്ടിപ്പ് കേസ് അഭിമുഖീകരിക്കുകയാണ്. മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയാണ് സുധാകരന്‍. പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്ന് വലിയ തുക സംഭരിച്ച് നടത്തിയ തട്ടിപ്പാണ് സതീശനെതിരെ പുറത്ത് വന്നത്. എന്നാല്‍ ഇത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് പറയുന്നത്. സുധാകരനെയും സതീശനെയും രക്ഷിക്കാനുള്ള പ്രചാരവേലകളാണിത്. മാധ്യമങ്ങളുടെ ലക്ഷ്യം ഇടതുപക്ഷം മാത്രമെന്നും അദ്ദേഹം പറഞ്ഞു.