കോഴിക്കോട്: തിക്കോടി ടൗണില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിലെ കൊലവിളി മുദ്രാവാക്യത്തില്‍ നടപടിയെടുണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ പോലിസ് തയ്യാറാവന്നില്ലെന്നും ഇക്കാര്യത്തില്‍ പോലിസിനെ വിശ്വാസമില്ല. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഹരജി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊലവിളി മുദ്രാവാക്യത്തില്‍ പരാതി കിട്ടിയിട്ടില്ലെന്നാണ് പോലിസ് പറയുന്നത്.
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി എസ്പിക്ക് പരാതി നല്‍കിയതാണ്. പോലിസില്‍ നിന്ന് നീതി നിഷേധിക്കപ്പെടുമ്പോള്‍ ഒരു വ്യക്തിക്കും പ്രസ്ഥാനത്തിനും കോടതിയാണ് ആശ്രയം. പലയിടത്തും സിപിഎമ്മുകാര്‍ കോണ്‍ഗ്രസ് ഓഫിസുകളും സ്തൂപങ്ങളും തകര്‍ത്തു. അവര്‍ക്കെതിരേ കേസെടുക്കേണ്ടതിന് പകരം പ്രതിഷേധ പ്രകടനം നടത്തിയ കോണ്‍ഗ്രസുകാര്‍ക്കെതിരേ കേസെടുക്കുകയാണ് പോലിസ് ചെയ്തത്.
അനുമതിയില്ലാതെ പ്രകടനം നടത്തിയെന്ന് പറഞ്ഞാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സമാധാനപരമായി നടത്തുന്ന മാര്‍ച്ചിന് നേരേ പോലിസ് അകമ്പടിയോടുകൂടിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നത്. ഭീഷണി മുദ്രാവാക്യവുമായി പരസ്യമായി രംഗത്തുവന്നു. അധികാരക്കൊതി തലയില്‍ കയറിയ പാര്‍ട്ടിയായി സിപിഎം മാറി. പോലിസ് സിപിഎമ്മിന്റെ ബി ടീമായതുകൊണ്ടാണ് കേസെടുക്കാത്തത്. ബോംബെറിഞ്ഞിടത്ത് മാത്രം കേസെടുത്തത് ജാമ്യം കിട്ടുന്ന നിസാര വകുപ്പിട്ടാണ്. പ്രതികളുടെ പേര് വിളിച്ചുപറഞ്ഞിട്ടും കേസെടുത്തില്ല. വീഡിയോ കൊടുത്തിട്ടും ആളെ തിരിച്ചറിഞ്ഞില്ലെന്നാണ് പറയുന്നത്.
ഓഫിസുകള്‍ ആക്രമിക്കുന്നത് ജാമ്യമില്ലാ വകുപ്പാണ്. ഓരോ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സ്വകാര്യസ്വത്തിന് സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്തം പോലിസിനുണ്ടെന്നും കോഴിക്കോട് ഡിസിസി ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ പ്രതിഷേധിച്ചതിനെതിരേ സിപിഎം കോഴിക്കോട് തിക്കോടിയില്‍ നടത്തിയ മാര്‍ച്ചിലാണ് കൊലവിളി മുദ്രാവാക്യം വിളിച്ചത്.
പ്രസ്ഥാനത്തിന് നേരെ തിരിഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സ്ഥിതി ഓര്‍മയില്ലേയെന്ന് ചോദിച്ചാണ് മുദ്രാക്യം. കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍, ഷുഹൈബ് എന്നിവരുടെ പേരെടുത്ത് പറഞ്ഞ് ഭീഷണി മുഴക്കിയായിരുന്നു പ്രകടനം. തിക്കോടി പഞ്ചായത്തില്‍ നിന്ന് പെരുമാള്‍പുരത്തേക്ക് പ്രതിഷേധ മാര്‍ച്ച് പുരോഗമിക്കുന്നതിനിടെയാണ് കൊലവിളി മുദ്രാവാക്യമുണ്ടായത്. വല്ലാണ്ടങ്ങ് കളിച്ചാല്‍ വീട്ടില്‍ കയറി കൊത്തിക്കീറും എന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പോലിസ് പറഞ്ഞു.