പേരാമ്പ്രയിലെ ബിജെപിയുടെ കൊലവിളി മുദ്രാവാക്യം; നിസാരവകുപ്പുകള്‍ ചുമത്തി പ്രതികളെ രക്ഷിക്കാന്‍ പോലിസ് ശ്രമം, പ്രതിഷേധം ശക്തം
സംഘപരിവാറിന്റെ വംശഹത്യാ നീക്കങ്ങള്‍ക്ക് പോലിസ് മൗനാനുവാദം നല്‍കുകയാണെന്നാരോപണം ശക്തമായിട്ടുണ്ട്.
കോഴിക്കോട്: പേരാമ്പ്രയില്‍ ബിജെപി റാലിക്കിടെ മുസ്‌ലിം സമുദായത്തിനു നേരെ ഉയര്‍ന്ന കൊലവിളി മുദ്രാവാക്യത്തില്‍ നിസാര വകുപ്പുള്‍ ചുമത്തി പ്രതികളെ രക്ഷിക്കാനുള്ള പോലിസ് നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാവുന്നു. സംഘപരിവാറിന്റെ വംശഹത്യാ നീക്കങ്ങള്‍ക്ക് പോലിസ് മൗനാനുവാദം നല്‍കുകയാണെന്നാരോപണം ശക്തമായിട്ടുണ്ട്.
കഴിഞ്ഞ മാസം പത്തിനായിരുന്നു തൊപ്പി വയ്ക്കാന്‍ തലകാണില്ല, നമസ്‌ക്കരിക്കാന്‍ പള്ളികള്‍ കാണില്ല തുടങ്ങിയ അത്യധികം പ്രകോപനപരമായ മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.
മെയ് 10ലെ കൊലവിളി മുദ്രാവാക്യത്തിനെതിരേ വിവിധ സംഘടനകള്‍ പരാതി നല്‍കിയപ്പോള്‍ മാത്രമാണ് പോലിസ് കേസെടുക്കാന്‍ തയ്യാറായത്. എന്നാല്‍ ചുമത്തിയത് അനുമതിയില്ലാതെ പ്രകടനം നടത്തി, ഗതാഗത തടസം സൃഷ്ടിച്ചു തുടങ്ങിയ നിസാരവകുപ്പുകള്‍ മാത്രമായിരുന്നു.
മുസ്‌ലിംകള്‍ക്കെതിരേ എന്തു കൊലവിളി നടത്തിയാലും കാര്യമായ നടപടിയുണ്ടാവില്ലെന്നറിഞ്ഞതോടെ ഇക്കഴിഞ്ഞ മെയ് 27നും ബിജെപി സമാനമായ കൊലവിളിയുമായി തെരുവിലിറങ്ങിയിരുന്നു.
ഇതിനെതിരെ കേസെടുക്കണെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് പേരാമ്പ്ര പോലിസില്‍ പരാതി നല്‍കി. എന്നാല് ഇതുവരെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
പോലിസിന്റെ പക്ഷപാത പരമായ പെരുമാറ്റത്തിനെതിരേ എസ്ഡിപിഐ, എസ്‌ഐഒ തുടങ്ങിയ സംഘടനകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
പോലിസ് നയത്തില്‍ പ്രതിഷേധിച്ച് എസ്‌ഐഒ ഇന്ന് പേരാമ്പ്ര പോലിസ് സ്‌റ്റേഷനിലേക്കും എസ്ഡിപിഐ നാളെ ഡിവൈഎസ്പി ഓഫിസിലേക്കും മാര്‍ച്ച് നടത്തുന്നുണ്ട്. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്ന സംഭവങ്ങളില്‍ കേസെടുക്കുന്നതിലെ വിവേചനം പോലിസ് തിരുത്തണമെന്നാണ് ഈ സംഘടനകളുടെ ആവശ്യം.