സിപിഎം നേതാവ് കെ യു ബിജു കൊലക്കേസ്: പ്രതികളായ 13 ആര്‍എസ്എസ്സുകാരെയും വെറുതെവിട്ടു
തൃശ്ശൂര്‍: കൊടുങ്ങല്ലൂരിലെ സിപിഎം നേതാവ് കെ യു ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 13 ആര്‍എസ്എസ്സുകാരെയും കോടതി വെറുതെവിട്ടു. സാക്ഷി മൊഴികളില്‍ അവിശ്വാസം പ്രകടിപ്പിച്ചും തെളിവുകള്‍ അപര്യാപ്തമെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. തൃശൂര്‍ നാലാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വി രജനീഷാണ് വിധി പറഞ്ഞത്. കേസില്‍ ഒരു പ്രായപൂര്‍ത്തിയാവാത്ത പ്രതി ഉള്‍പ്പെടെ 14 പേരാണ് പ്രതികള്‍. പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയിലാണ് നടക്കുകയാണ്. സിപിഎം കൊടുങ്ങല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റുമായ ബിജുവിനെ 2008 ജൂണ്‍ 30നാണ് ആക്രമിച്ചത്. സഹകരണ ബാങ്കിലെ കുറി പിരിക്കാന്‍ സൈക്കിളില്‍ വരികയായിരുന്ന ബിജുവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ഇരുമ്പ് പൈപ്പുകള്‍ കൊണ്ട് അടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ബിജു ചികില്‍സയിലിരിക്കെ ജൂലൈ രണ്ടിനാണ് കൊല്ലപ്പെട്ടത്.