ഫെബ്രുവരി 28 വരെ 'ഉറപ്പാണ് എല്‍ഡിഎഫ്', മാര്‍ച്ച് ഒമ്പതിന് 'പുതിയ കേരളം മോദിക്കൊപ്പം'; മലക്കം മറിഞ്ഞ് സിപിഎം നേതാവ്
തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റും സിപിഎം മരുത്തോര്‍ വട്ടം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു ജ്യോതിസ്.
കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണം ഉള്‍പ്പടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സിപിഎം നേതാവ് എന്‍ഡിഎ ഘടക കക്ഷിയായ ബിഡിജെഎസ്സില്‍ ചേര്‍ന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 28 വരെ ഉറപ്പാണ് എല്‍ഡിഎഫ്' എന്ന എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ കാംപയിന് പിന്തുണ അറിയിച്ച സിപിഎം നേതാവ് അഡ്വ. പി.എസ് ജ്യോതിസ് ആണ് പാര്‍ട്ടി മാറി എന്‍ഡിഎയിലെത്തിയത്.
തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റും സിപിഎം മരുത്തോര്‍ വട്ടം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു ജ്യോതിസ്. അവസാനമായി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റുകളെല്ലാം തന്നെ സിപിഎമ്മുമായുള്ള ആത്മബന്ധം തെളിയിക്കുന്നതാണ്.
ബാല്യകാലത്തിലെ ദുരിതപൂര്‍ണ്ണമായ ജീവിതം തൊട്ട് പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ള അനുഭവങ്ങള്‍ 'ജ്യോതിസ്@50' എന്ന പേരില്‍ പുസ്തകമാക്കി പുറത്തിറക്കുന്ന കാര്യവും ഫേസ്ബുക്കില്‍ തോമസ് ഐസക്കിന്റെയും ജി സുധാകരന്റെയും ഫോട്ടോയോട് കൂടി തന്നെ അഡ്വ. പി.എസ് ജ്യോതിസ് പങ്കുവെച്ചിട്ടുണ്ട്. അരൂര്‍ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി ആദ്യം ജ്യോതിസിനെ പരിഗണിച്ചിരുന്നുവെന്നാണ് സൂചന. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ജ്യോതിസ് ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായതെന്നാണ് വിവരം.