എം എ ബേബി ജനറല്‍ സെക്രട്ടറിയായേക്കും; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും
മധുര: സിപിഎം ജനറല്‍ സെക്രട്ടറിയായി എം എ ബേബിയെ നിയമിക്കാന്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ ധാരണയായെന്ന് റിപോര്‍ട്ട്. ബേബിയുടെ മാത്രം പേരാണ് പാര്‍ട്ടി കോഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു നിര്‍ദേശിച്ചത്. 16 അംഗ പിബിയില്‍ അഞ്ചു പേര്‍ ബേബിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെ എതിര്‍ത്തു. ബംഗാളില്‍നിന്നുള്ള സൂര്യകാന്ത മിശ്ര, നിലോല്‍പല്‍ ബസു, മുഹമ്മദ് സലീം, രാമചന്ദ്ര ഡോം, മഹാരാഷ്ട്രയില്‍നിന്നുള്ള അശോക് ധാവ്‌ളെ എന്നിവരാണ് എതിര്‍ത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പോളിറ്റ് ബ്യൂറോയില്‍ തുടരും. പ്രായപരിധി ഇളവോടെ പി കെ ശ്രീമതിയും മുഹമ്മദ് യൂസുഫ് തരിഗാമിയും കേന്ദ്ര കമ്മിറ്റിയില്‍ തുടരുന്നതിനും തീരുമാനമായെന്നാണു സൂചന. പിബിയില്‍നിന്നു വിരമിക്കുന്നവരില്‍ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍ തുടങ്ങിയവരില്‍ ചിലരെ പ്രത്യേക ക്ഷണിതാക്കളാക്കിയേക്കും.