എന്‍ഐഎ മുന്‍ പ്രോസിക്യൂട്ടറും ബലാല്‍സംഗക്കേസ് പ്രതിയുമായ അഡ്വ. പി ജി മനു തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: എന്‍ഐഎ മുന്‍ പ്രോസിക്യൂട്ടറും സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറുമായിരുന്ന അഡ്വ. പി ജി മനുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി കൂടിയായ ഇയാള്‍ ജാമ്യത്തിലായിരുന്നു.ഡോ. വന്ദനയെ ആശുപത്രിയിലിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സന്ദീപിന് വേണ്ടി ഹാജരാവാനായി താമസിച്ചിരുന്ന കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ് പി ജി മനു.
മറ്റൊരു കേസുമായി ബന്ധപ്പെട്ടു നിയമോപദേശത്തിനായി മാതാപിതാക്കള്‍ക്ക് ഒപ്പമെത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫിസിലും പെണ്‍കുട്ടിയുടെ വീട്ടിലും വച്ചു പീഡിപ്പിച്ചെന്ന പരാതിയില്‍ ഇയാള്‍ ജയിലില്‍ കിടന്നിരുന്നു. 2018ല്‍ നടന്ന കേസുമായി ബന്ധപ്പെട്ടാണു 2023 ഒക്ടോബറില്‍ പരാതിക്കാരിയും മാതാപിതാക്കളും അഭിഭാഷകനെ കാണാന്‍ എത്തിയത്. കഴിഞ്ഞ നവംബര്‍ 29നു ചോറ്റാനിക്കര പൊലിസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ പോലിസ് കേസെടുത്തതിന് പിന്നാലെ മനു ഒളിവില്‍ പോയി. തുടര്‍ന്ന് മനുവിന് വേണ്ടി പോലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മനുവെത്തി. എന്നാല്‍ ജാമ്യാപേക്ഷ റദ്ദാക്കിയ സുപ്രീംകോടതി മനുവിനോട് പത്തുദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് മനു സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ജോലി രാജിവച്ച് കീഴടങ്ങിയത്. മറ്റൊരു കേസില്‍ അതിജീവിതയുടെ കുടുംബത്തോട് മനുവിന്റെ ഭാര്യ ക്ഷമ ചോദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു.
പാനായിക്കുളം കേസ്, മൂവാറ്റുപുഴ സംഭവത്തിലെ കേസ്, നാറാത്ത് കേസ്, മാവേലിക്കര മാവോവാദി ഗൂഡാലോചനക്കേസ് തുടങ്ങി നിരവധി കേസുകളില്‍ എന്‍ഐഎക്ക് വേണ്ടി ഇയാളാണ് ഹാജരായിരുന്നത്. മാവേലിക്കര കേസ് ആദ്യം അന്വേഷിച്ച പോലിസ് ഉദ്യോഗസ്ഥനും നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.