ഇന്ത്യയില്‍ ജാതി വിവേചനമില്ലെന്ന് പ്രചരിപ്പിക്കാന്‍ ഡോക്യുമെന്ററിയുമായി ഹിന്ദുത്വ സംഘടന

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജാതി വിവേചനമില്ലെന്ന് പ്രചരിപ്പിക്കാന്‍ ഡോക്യുമെന്ററിയുമായി ഹിന്ദുത്വ സംഘടന. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിക് ഡയലോഗ് എന്ന സംഘടനയാണ് 'ദി കാസ്റ്റ് റഷ്' ഡോക്യുമെന്ററിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപി നേതാവ് രാജ്കുമാര്‍ ഫല്‍വാരിയയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന, എസ്.സി-എസ്.ടി വിഭാഗങ്ങളില്‍ നിന്നുള്ള അക്കാദമിക്കുകളുടെ സംഘടനയായ സെന്റര്‍ ഫോര്‍ സോഷ്യല്‍ ഡെവലപ്പ്‌മെന്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന സംഘടനയാണ് ഇന്‍ഡിക് ഡയലോഗ്. വിവിധ ക്ഷേത്രങ്ങളിലെ പുരോഹിതരുടെ അഭിപ്രായങ്ങളാണ് ഡോക്യുമെന്ററിയില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐഐടി വിദ്യാഭ്യാസമുള്ള നീരജ് സിങ് എന്നയാളാണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍. യുഎസില്‍ ജാതി വിവേചനമുണ്ടെന്ന് ചില ഗ്രൂപ്പുകള്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും നിലവില്‍ യുഎസിലുള്ള നീരജ് സിങ് പറയുന്നു. യുഎസില്‍ ജാതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെ എതിര്‍ക്കലാണ് ഡോക്യുമെന്ററിയുടെ പ്രധാനലക്ഷ്യം.