ടിപി വധക്കേസ് സാക്ഷിയുടെ കെട്ടിട നിര്‍മാണം സിപിഎം തടയുന്നുവെന്ന് ആരോപണം

Update: 2020-11-15 01:04 GMT

കോഴിക്കോട്: ഒഞ്ചിയത്തെ ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്കെതിരേ സാക്ഷി പറഞ്ഞയാളുടെ കെട്ടിട നിര്‍മാണം സിപിഎം തടസ്സപ്പെടുത്തുന്നുവെന്ന് ആരോപണം. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ വടകര ഓര്‍ക്കാട്ടേരി ടൗണിലെ കെട്ടിടം പുനര്‍നിര്‍മിക്കുന്നതാണ് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതെന്നു കാണിച്ച് മുസ് ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ പി പി ജാഫര്‍ എടച്ചേരി പോലിസില്‍ പരാതി നല്‍കി.

    വടകര-കുറ്റ്യാടി സംസ്ഥാന പാത വീതി കൂട്ടുന്നതിന്റെ ഭാഗമായി ഓര്‍ക്കാട്ടേരി ടൗണില്‍ വ്യാപാരികള്‍ റോഡിന് ഇരുവശത്തു നിന്നും ഒന്നേമുക്കാല്‍ മീറ്റര്‍ വീതിയില്‍ സ്ഥലം വിട്ടുനല്‍കിയിരുന്നു. പഞ്ചായത്ത് നിയമപ്രകാരം റോഡ് വീതി കൂട്ടാന്‍ കെട്ടിടം പൊളിച്ച് മാറ്റിയാല്‍ ബാക്കി ഭാഗം പുനര്‍നിര്‍മിക്കാം. ഇതുപ്രകാരം ടൗണിലെ വ്യാപാരികള്‍ കെട്ടിട നിര്‍മാണം തുടങ്ങിയെങ്കിലും ജാഫറിന്റെ കട നിര്‍മിക്കുന്നതിനെ സിപിഎം എതിര്‍ക്കുന്നുവെന്നാണു പരാതിയില്‍ പറയുന്നത്.

    കെട്ടിടനിര്‍മാണം തടസ്സപ്പെടുത്തരുതെന്ന് കോടതി ഉത്തരവുണ്ടെന്നും തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് എടച്ചേരി പോലിസ് പറഞ്ഞു. സിപിഎം വിട്ട് ആര്‍എംപി രൂപീകരിച്ച ടി പി ചന്ദ്രശേഖരനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ജാഫര്‍ അന്വേഷണസംഘത്തിനു നിര്‍നായക വിവരങ്ങള്‍ നല്‍കിയിരുന്നു. ചന്ദ്രശേഖരന്‍ അവസാനമായി കണ്ടതും ജാഫറിനെയായിരുന്നു. ഇദ്ദേഹത്തിന്റെ മൊഴി സിപിഎം പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായിരുന്നു. ഇതിനു പ്രതികാരനടപടിയാണ് കെട്ടിടനിര്‍മാണം തടസപ്പെടുത്തലെന്നാണ് ആക്ഷേപം. എന്നാല്‍, പ്രാദേശിക സിപിഎം നേതൃത്വം വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

CPM obstructs construction of TP murder witness building

Tags:    

Similar News