'കൈയും കാലും വെട്ടി ചാലിയാര്‍ പുഴയിലെറിയും...'; അന്‍വറിനെതിരേ കൊലവിളിയുമായി നിലമ്പൂരില്‍ സിപിഎം പ്രകടനം
നിലമ്പൂര്‍: സിപിഎമ്മുമായി ബന്ധമില്ലെന്നും അണികള്‍ രംഗത്തിറങ്ങണമെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചതിനു പിന്നാലെ അന്‍വറിനെതിരേ കൊലവിളിയുമായി നിലമ്പൂരില്‍ സിപിഎം പ്രകടനം. നിലമ്പൂര്‍ ടൗണിലാണ് 'ചെങ്കൊടി തൊട്ട് കളിക്കേണ്ട' എന്ന ബാനറില്‍ സിപിഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. 'കൈയും കാലും വെട്ടി ചാലിയാര്‍ പുഴയിലെറിയും... തുടങ്ങിയ കൊലവിളി മുദ്രാവാക്യങ്ങളും വിളിച്ചു. പി വി അന്‍വറിന്റെ കോലം കത്തിച്ചാണ് പ്രതിഷേധം നടത്തിയത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രകടനത്തിനു നേതൃത്വം നല്‍കിയത്. സമാനമായ രീതിയില്‍ മലപ്പുറം ജില്ലയിലെ എല്ലാ ഏരിയകളിലും പ്രകടനം നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്. നൂറിലേറെ പ്രവര്‍ത്തകരാണ് പങ്കെടുത്തത്. അന്‍വറിന്റെ കോലവുമേന്തി, ചെങ്കൊടി തൊട്ടുകളിക്കേണ്ട എന്ന ബാനറില്‍ അന്‍വറിന്റെ ചിത്രത്തില്‍ തെറ്റ് രേഖപ്പെടുത്തിയാണ് പ്രതിഷേധം. പി വി അന്‍വര്‍ എന്ന മാഫിയാ സംഘങ്ങളുടെ തലതൊട്ടപ്പനുമായുള്ള എല്ലാ ബന്ധങ്ങളും സിപിഎം വിച്ഛേദിച്ചതായി പ്രഖ്യാപിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ജനങ്ങളെ സേവിക്കാന്‍ വേണ്ടി നല്‍കിയ പദവി ഉപയോഗിച്ച് മാഫിയകള്‍ക്കും കള്ളക്കടത്തുകാര്‍ക്കും കൂട്ടുനിന്നത് പാര്‍ട്ടിക്ക് സഹിക്കാനും പൊറുക്കാനും കഴിയില്ലെന്നും സ്വര്‍ണക്കടത്തുകാര്‍ക്ക് സംരക്ഷണം നല്‍കുന്ന പാര്‍ട്ടിയല്ലെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു.
സ്വന്തം വീടിനു ചുറ്റിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ചുട്ട മറുപടിയാണ് നല്‍കിയതെന്നും കാട്ടുകള്ളനെതിരേ അതിശക്തമായി നിലയുറപ്പിച്ചതിന്റെ തെളിവാണിത്. ഒരുപാട് വര്‍ഗവഞ്ചകര്‍ ഉണ്ടായിട്ടുണ്ട്. അതൊന്നും ഈ പാര്‍ട്ടിക്ക് ഒരു പോറലുമേല്‍ക്കില്ല. അന്‍വറുമായുള്ള ബന്ധം വിച്ഛേദിച്ചതിന്റെ പേരില്‍ പത്തുപേര്‍ കൂടുകയേ ഉള്ളൂ. അന്‍വര്‍ പി സി ജോര്‍ജിനെ പോലെയുള്ള മദയാനയാണ്. വേണ്ടിവന്നാല്‍ അന്‍വറിന്റെ രാഷ്ട്രീയ ഡിഎന്‍എ എന്താണെന്നും പി സി ജോര്‍ജിന്റെ അനുഭവമാണ് കാത്തിരിക്കുന്നതെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു.